കോഴിക്കോട് കൂടത്തായിയിലെ കൂട്ടമരണത്തിൽ പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് നാട്ടുകാർ. റോയിയുടെ മരണത്തിൽ കേസെടുത്തെങ്കിലും പൊലീസ് ഇടപെടൽ ഫലപ്രദമായിരുന്നില്ലെന്നാണ് ആക്ഷേപം. കൊലപാതക പരമ്പരയെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.
ആസൂത്രിത കൊലപാതകം മറച്ചുവയ്ക്കാനുള്ള ബോധപൂർവമായ ശ്രമമുണ്ടായി. വിഷം ഉള്ളിൽച്ചെന്ന് റോയി മരിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. ഉദ്യോഗസ്ഥരുടെ വീഴ്ചയുൾപ്പെടെ സമഗ്ര അന്വേഷണം വേണം. ഫലപ്രദമായി പൊലീസ് ഇടപെട്ടിരുന്നെങ്കിൽ പിന്നീടുണ്ടായ മൂന്ന് മരണങ്ങൾ ഒഴിവാക്കാനാകുമായിരുന്നു. ബോധപൂർവമാണ് ജോളി അടുത്തുള്ളവരെ പൊന്നാമറ്റം വീട്ടിലേക്ക് പ്രവേശിപ്പിക്കാതിരുന്നത്. ദുരൂഹ മരണങ്ങളുടെ കെട്ടഴിഞ്ഞതോടെ എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് വീട്ടിൽ കഴിയുന്നതെന്നും നാട്ടുകാർ.
ജോളിയുടെ സൗഹൃദ ബലമാണ് ആറു മരണങ്ങളും ഹൃദയാഘാതമെന്ന നിലയിലേക്ക് പ്രചരിക്കാനിടയാക്കിയതെന്നും സംശയങ്ങൾ പ്രകടിപ്പിച്ചവരിൽ നിന്ന് വിവരം ശേഖരിക്കാൻ പോലും പൊലീസ് തയാറായില്ലെന്നും നാട്ടുകാർ പറയുന്നു.