തൃശൂരില്‍ എക്സൈസ് കസ്റ്റഡിയില്‍ കഞ്ചാവു വില്‍പനക്കാരന്‍ മര്‍ദ്ദനമേറ്റു മരി‍ച്ച സംഭവത്തില്‍ എക്സൈസ് സംഘത്തിന്‍റെ ഡ്രൈവറെ ചോദ്യംചെയ്തു വിട്ടയച്ചു. പ്രതിയെ ഡ്രൈവര്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടു. അതേസമയം, മറ്റു ഏഴു ഉദ്യോഗസ്ഥര്‍ ഇതുവരെ ചോദ്യംചെയലിന് ഹാജരായിട്ടില്ല.

കഞ്ചാവുവില്‍പനക്കാരന്‍ മലപ്പുറം തിരൂര്‍ സ്വദേശി രജ്ഞിത് കുമാര്‍ മര്‍ദ്ദനമേറ്റ് മരിച്ച കേസില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ പങ്കാണ് പൊലീസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലെടുക്കും മുൻപ് രജ്ഞിത് കുമാറിനെ മറ്റാരെങ്കിലും മര്‍ദ്ദിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എട്ടംഗ എക്സൈസ് സംഘത്തെ ചോദ്യം ചെയ്താല്‍ മാത്രമേ ആരൊക്കെയാണ് പ്രതികളെന്ന് തീരുമാനിക്കാന്‍ കഴിയൂ. എക്സൈസിന്‍റെ വണ്ടിയുടെ ഡ്രൈവര്‍ ശ്രീജിത്തിനെ പൊലീസ് ചോദ്യം ചെയ്തു. 

കഞ്ചാവു വില്‍പനക്കാരനെ ശ്രീജിത്ത് മര്‍ദ്ദിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളയാളാണ് ഡ്രൈവറെന്നും ബോധ്യപ്പെട്ടു. വണ്ടിയിലിട്ട് മര്‍ദ്ദിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ മൊഴിനല്‍കി. ലഹരി ഗുളികകളുടെ വന്‍ശേഖരം രജ്ഞിത് കുമാറിന്‍റെ പക്കലുണ്ടെന്നായിരുന്നു വിവരം. ഇതു കണ്ടെത്താന്‍ പലയിടത്തും രജ്ഞിത് കുമാറിനെ കൊണ്ടുപോയി. 

പക്ഷേ, പോയിടത്തൊന്നും ലഹരി ഗുളിക കിട്ടിയില്ല. കഞ്ചാവു വില്‍പനക്കാരനെ കസ്റ്റഡിയിലെടുത്തു ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. നാട്ടുകാരന്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. രണ്ടു കിലോ കഞ്ചാവുമായി രജ്ഞിത് കുമാര്‍ അറസ്റ്റിലായ ദൃശ്യങ്ങളാണിത്. മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ മാത്രം തിരിച്ചറിഞ്ഞ് അവരെ പ്രതിയാക്കിയാല്‍ മതിയെന്ന നിലപാടിലാണ് പൊലീസ്.