kottayam-theft-arrest

സ്വന്തം പേര് ബാബു, ഇരട്ടപ്പേര് തീവെട്ടി ബാബു. വയസ് 57. നൂറിലേറെ കേസുകളില്‍ പ്രതി.  പൊലീസ് പട്രോളിങ്ങിനിടെ മരങ്ങാട്ടുപിള്ളിയിൽ പിടിയിൽ. നൂറിലേറെ കേസുകളിൽ പ്രതിയായ ഇയാളെ ഇന്നലെ പിടികൂടിയത്  എസ്ബിഐ പരിസരത്തു നിന്ന്. 

രണ്ടാഴ്ച മുൻപാണ് ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു പുറത്തിറങ്ങിയത്..മരങ്ങാട്ടുപിള്ളി സ്റ്റേഷൻ എസ്എച്ച്ഒ രാജേഷ് ആറ്റിങ്ങൽ സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന കാലത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.  ജയിലിൽ നിന്നിറങ്ങി  പേരാമംഗലം ഭാഗത്ത്  മോഷണം നടത്തി കോട്ടയത്ത് എത്തിയതാണെന്നു  പറയുന്നു. ആറ്റിങ്ങലിൽ ജ്വല്ലറി കുത്തിത്തുറന്ന് 13.5 കിലോഗ്രാം സ്വർണം അപഹരിച്ചത് ഉൾപ്പെടെ തിരുവനന്തപുരം, വഞ്ചിയൂർ, ഫോർട്ട്, കല്ലമ്പലം, പരവൂർ, കോട്ടയം, ചങ്ങനാശേരി, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, മണർകാട് സ്റ്റേഷനുകളിൽ കേസുണ്ട്.   ഇന്നലെ  വൈക്കം കോടതിയിൽ ഹാജരാക്കി.

ബാബു 3 പതിറ്റാണ്ട് മുൻപ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ വക്കീൽ ഗുമസ്തനായിരുന്നു. കേസ് സ്വന്തമായാണ് വാദിക്കുന്നത്. പൊലീസുകാർ ഉപദ്രവിച്ചെന്നു കോടതിയിൽ പരാതി പറയും. സ്വന്തം ശരീരത്തിൽ മുറിവേൽപിക്കാനും മടിയില്ല.  ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി തീവെട്ടി കാൽ ഉപയോഗിച്ചു കുത്തിത്തുറന്ന് മോഷണം നടത്തുന്ന രീതിയാണ് തീവെട്ടി ബാബു പേരിനു പിന്നിൽ. മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പിടിയിലായിട്ടുണ്ട്. മോഷണമുതൽ വിൽക്കാൻ  ഭാര്യ സഹായിക്കാറുണ്ടെന്നും മകൻ മകൻ നന്ദുവും പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.