ബ്രസീലിലെ വിമാനത്താവളത്തില്‍ സിനിമാ സ്റ്റൈല്‍ കവര്‍ച്ച. എട്ടുപേരടങ്ങുന്ന സംഘമാണ് 750 കിലോ സ്വര്‍ണം കവര്‍ന്നത്. മിനിറ്റുകള്‍ കൊണ്ട് നടത്തിയ കവര്‍ച്ചയില്‍ സ്തബ്ധരായ പൊലീസ് പ്രതികള്‍ക്കായുള്ള ഊര്‍ജിത അന്വേഷണത്തിലാണ്.
ഒരു പക്ഷെ, സിനിമകളില്‍ പോലും കണ്ടിട്ടുണ്ടാവില്ല ഇങ്ങനെയൊരു കവര്‍ച്ച. ബ്രസീലിലെ ഗോറുള്‍ഹോസ് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന കവര്‍ച്ച സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്നതായിരുന്നു. കവര്‍ച്ച ചെയ്തത് 750 കിലോ സ്വര്‍ണം. ഏതാണ്ട് 275 കോടി രൂപയോളം മൂല്യമുള്ള സ്വര്‍ണം. തെക്കെ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണിത്. അവിടേക്കാണ് കറുത്ത പിക്ക് അപ്പ് ട്രക്കില്‍ കവര്‍ച്ചാ സംഘം എത്തിയത്.
ബ്രസീല്‍ പൊലീസ് എന്ന് തോന്നിപ്പിക്കും വിധമായിരുന്നു വരവ്. തുടര്‍ന്നായിരുന്നു നാടകീയ നീക്കങ്ങള്‍. വിമാനത്താവളത്തിലെ ജീവനക്കാരനെയും ഭാര്യയെയും തടവിലാക്കി. ഇവരില്‍നിന്ന് കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരുന്നു കവര്‍ച്ച.
തടവിലാക്കപ്പെട്ടവരില്‍ ഒരാള്‍ക്ക് ക്രൂരമര്‍ദനമേറ്റതായും റിപ്പോര്‍ട്ടുണ്ട്. പൊലീസ് എന്ന വ്യാജേന കാര്‍ഗോ ജീവനക്കാരോട് സ്വര്‍ണം ട്രക്കിലേക്ക് കയറ്റാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. മിനിറ്റുകള്‍ക്കകം കവര്‍ച്ച നടത്തി സംഘം സ്ഥലംവിട്ടു. എന്തായാലും കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കവര്‍ച്ചയില്‍ പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജിത നീക്കത്തിലാണ് പൊലീസ്.