അമ്പൂരി രാഖി വധക്കേസില്‍ വന്‍ വഴിത്തിരിവാകുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രണയത്തില്‍ നിന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന ഉൗഹം തെറ്റിക്കുന്നതാണ് ഇൗ റിപ്പോര്‍ട്ട്. രാഖിയും മുഖ്യപ്രതി അഖിലും വിവാഹിതരായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇരുവരും രാഖി ജോലിചെയ്യുന്ന എറണാകുളത്ത് വച്ചാണ് വിവാഹിതരായത്.
ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. പിന്നീട് നാലുമാസത്തോളം ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ഇതിനിടയിലാണ് അഖിലിന് വീട്ടുകാര്‍ വിവാഹം ആലോചിച്ച് തുടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ ഒരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇത് രാഖി എതിര്‍ത്തതോടെയാണ് കൊലപാതകത്തിലേക്ക് വഴിവയ്ക്കുന്നത്.
കൊച്ചിയില്‍ നിന്നും വീട്ടിലെത്തിയ രാഖിയെ അഖില്‍ അമ്പൂരിലേ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. വീടുകാണിക്കാന്‍ രാഖിയെ കൊണ്ടുപോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറില്‍ കയറ്റി. ഇതിന് ശേഷമായിരുന്നു കൊലപാതകം. അഖിലിന്റെ സഹോദരന്‍ രാഹുല്‍ ആദ്യം രാഖിയെ കഴുത്ത് ഞെരിച്ചു ബോധം കെടുത്തി.
പിന്നീട് അഖില്‍ കയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. അതേസമയം ഇന്നലെ മനോരമ ന്യൂസിനോട് ഫോണില്‍ പ്രതികരിച്ച അഖില്‍ ഇതൊന്നും പറഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട ദിവസം രാഖിയെ കണ്ടിരുന്നെന്നും കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നുമാണ് അഖില്‍ പറഞ്ഞത്. വിവാഹം കഴിച്ചിരുന്ന കാര്യം അഖില്‍ വ്യക്തമാക്കിയിരുന്നില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. അതേസമയം രണ്ടാം പ്രതി രാഹുല്‍ കീഴടങ്ങിയെന്ന രാഹുലിന്റെ അച്ഛന്റെ വാദം പൊലീസ് നിഷേധിച്ചു .
രാഖി നെയ്യാറ്റിന്‍കരയിലെത്തിയിരുന്നു; ദൃശ്യങ്ങൾ പുറത്ത്
അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖി കൊലപാതകദിവസം നെയ്യാറ്റിന്‍കരയിലെത്തിയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വൈകിട്ട് ആറേമുക്കാലോട് കൂടി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തൂടെ നടക്കുന്ന ദൃശ്യങ്ങളാണ് ശേഖരിച്ചത്. ഇതിന് ശേഷം അഖിലിന്റെ നേതൃത്വത്തിലെ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അഖിലിനെ കണ്ടെത്താനായി പൊലീസ് സംഘം ഡല്‍ഹിക്ക് തിരിച്ചു. വിഡിയോകള്‍ കാണുക.