Drug Addiction

തിരൂർ: ഉപയോഗത്തിനും വിൽപനയ്ക്കും ‘മണിചെയിൻ’ മാതൃകയിൽ പദ്ധതി തയാറാക്കി ലഹരി വിൽപന സംഘങ്ങൾ യുവാക്കളെ കണ്ണികളാക്കുന്നതായി വിവരം. പുതുലഹരി പരീക്ഷണങ്ങളിൽ മയങ്ങി യുവാക്കൾ രോഗങ്ങൾക്ക് അടിമപ്പെടുന്നു. എംഡിഎംഎ, ബ്രൗൺഷുഗർ, ഹഷീഷ് തുടങ്ങിയ മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗമാണ്  ജില്ലയിലെ യുവാക്കൾക്കിടയിൽ വ്യാപകമെന്ന് അധികൃതർ കണ്ടെത്തി. ലഹരി ഉപയോഗിച്ചതിനും വിൽപന നടത്തിയതിനുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 30 യുവാക്കളെ അധികൃതർ ചോദ്യം ചെയ്തു

 

ലഹരിയുമായി 2 പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു. ലഹരിയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനായി വിവിധ ഇടങ്ങളിൽ കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്നു. സംഘത്തിലേക്ക് ആളുകളെ ചേർക്കുന്നവർക്ക് സൗജന്യമായി ലഹരി വസ്തുക്കൾ നൽകിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ആദ്യം ചെറിയ വിലയ്ക്ക് സാധനം നൽകി അടിമപ്പെടുത്തിയ ശേഷം കൂടുതൽ പണം കൈക്കലാക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് പുതിയതരം ലഹരി വസ്തുക്കൾ ജില്ലയിലേക്ക് എത്തിക്കുന്നത്.

 

സൂപ്പർ സ്റ്റിക്കർ, തോണ്ടി രസായനം; എത്തുന്നത് പല രൂപത്തിൽ

 

അധികൃതരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ വിവിധ രൂപത്തിലാണ് ലഹരി വസ്തുക്കൾ നിർമിക്കുന്നത്.

 

സൂപ്പർ സ്റ്റിക്കർ

 

കണ്ടാൽ പേപ്പർ കഷണമെന്ന് തോന്നിപ്പിക്കും. നാവിനടിയിൽ ഒട്ടിക്കുകയാണ് ചെയ്യുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാവുന്ന സ്റ്റിക്കർ യുവാക്കൾക്കിടയിൽ വ്യാപകമായതായി കണ്ടെത്തിയിട്ടുണ്ട്.

 

 

തോണ്ടി രസായനം

 

കഞ്ചാവ് വിവിധ വസ്തുക്കൾ ചേർത്ത് ലേഹ്യം രൂപത്തിലാക്കിയുള്ള ലഹരി വസ്തുവാണ് തോണ്ടി രസായനം. ബോട്ടിലിലും പാക്കറ്റിലും എത്തുന്നു. ജില്ലയിലേക്ക് വൻതോതിൽ ക‍ഞ്ചാവ് എത്തുന്നത് ഇത്തരത്തിൽ മരുന്നു രൂപത്തിലാക്കി ഉപയോഗിക്കുന്നതിനാണെന്നു വിവരമുണ്ട്. വിദേശത്തേക്ക് ഇത്തരത്തിൽ കഞ്ചാവ് ലേഹ്യം കടത്തിയതിനു ചിലർ ജയിലിൽ കഴിയുന്നുണ്ട്.

 

 

വൈറ്റ് പൗഡർ

 

വൈറ്റ് പൗഡർ എന്ന പേരിലാണ് ബ്രൗൺ ഷുഗർ യുവാക്കൾക്കിടയിൽ പ്രചരിപ്പിക്കുന്നത്. കടലാസിൽ പൗഡർവച്ച് മൂക്കിലൂടെ വലിച്ചു കയറ്റുകയാണ് ചെയ്യുന്നത്. അടുത്തിടെ ബ്രൗൺ ഷുഗർ ഉപയോഗം വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

 

 

ഡോസ്

 

ലഹരി സിറിഞ്ചുകളിലാക്കി ശരീരത്തിൽ കുത്തിവയ്ക്കുന്നതാണ് ഡോസ്. കടലോര മേഖലയിൽ ഇത്തരത്തിലുള്ള ലഹരിയുടെ ഉപയോഗം വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 

 

ഉഡാസ്

 

സിഗററ്റിൽ കഞ്ചാവ് നിറച്ച് നൽകുന്നതാണ് ഉഡാസ്. സിഗരറ്റിലെ പുകയില നീക്കിയശേഷമാണ് കഞ്ചാവ് നിറയ്ക്കുന്നത്. വലിക്കുമ്പോൾ കഞ്ചാവിന്റെ മണം പുറത്തു വരാതിരിക്കാൻ ചില രാസവസ്തുക്കൾ കലർത്തും. കണ്ണ് ചുവക്കാതിരിക്കാൻ തുള്ളി മരുന്ന് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്

 

കൂടാതെ മിഠായി, കോല, പാക്ക് രൂപത്തിലും ഒട്ടേറെ ലഹരി ജില്ലയിൽ സജീവമാണ്. അടുത്തിടെ തിരൂരിലും, കോട്ടയ്ക്കലിലും ലഹരി വിരുന്നുകൾ നടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ എക്സൈസ് ഇന്റലിജൻസും പൊലീസും ചോദ്യം ചെയ്തുവരികയാണ്. തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിക്കുകയും മനോനില അവതാളത്തിലാക്കുകയും ചെയ്യുന്നതിനൊപ്പം മാരകമായ രോഗങ്ങൾക്കും ഇത്തരം ലഹരികളുടെ ഉപയോഗം കാരണമാകുന്നതായി ഡോക്ടർമാർ പറഞ്ഞു.