madrasa-teacher

കോട്ടയം വൈക്കത്ത് കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ കടുങ്ങല്ലൂർ സ്വദേശി യൂസഫാണ് തലയോലപറമ്പ് പോലിസിന്റെ പിടിയിലായത്. അഞ്ച് മാസത്തിലേറെ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനടക്കം വിധേയമാക്കിയെന്നാണ് പരാതി.

പീഡനത്തിനിരയായ പെൺകുട്ടി വീട്ടിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്. രണ്ട് വർഷം മുമ്പാണ് യൂസഫ് അധ്യാപകനായി മണകുന്നത്ത് ചുമതലയേറ്റത്. പള്ളിയിൽ പഠിപ്പിക്കുന്നതിനിടെയുള്ള സമയത്തായിരുന്നു കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനടക്കം ഇരയാക്കിയത്‌. സംഭവം അറിഞ്ഞ മാതാപിതാക്കൾ ആദ്യം മഹല്ല് കമ്മറ്റിയിൽ പരാതി നൽകി. ഇതോടെ അധ്യാപകനെ പുറത്താക്കി. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. ഇതറിഞ്ഞ യൂസഫ് ഒളിവിൽ പോയി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കൊടുങ്ങല്ലൂരിൽ പിടിയിലായത്. കഴിഞ്ഞ ജനുവരി മുതൽ രണ്ടാഴ്ച മുമ്പ് വരെ പല ദിവസങ്ങളിലായി പീഡനം നടന്നുവെന്നാണ് പോലിസ് കണ്ടെത്തിയത്. ഒരു കുട്ടിയുടെ മാതാപിതാക്കൾ മാത്രമാണ് പൊലീസിന് പരാതി നൽകിയത്. 

കൂടുതൽ കുട്ടികൾ ഇയാളുടെ പീഡനത്തിനിരയായതായി പോലിസ് സംശയിക്കുന്നു. യൂസഫിനെ മണകുന്നത്തെത്തിച്ച് തെളിവെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം വിശദമായ ചോദ്യം ചെയ്യലിന് അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.