അമ്പലപ്പുഴ : മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ഒരുക്കാൻ രോമം ബ്ലേഡ് കൊണ്ട് നീക്കുന്നതിനിടെ നഴ്സിങ് ജീവനക്കാരന്‍ രോഗികളുടെ ശരീരത്താകെ മുറിവേല്‍പ്പിച്ചു. ബൈപാസ് സര്‍ജറിക്ക് വിധേയനായ ആലപ്പുഴ കലവൂര്‍ ഉല്ലാസ് ഭവനില്‍ ദാമോദരന്റെ(69) വയറ്റിലും നെഞ്ചിലും ഇടതുകാലിലും ബ്ലേഡ് കൊണ്ട് മുറിഞ്ഞ പാടുകളുണ്ട്. കഴിഞ്ഞ 5ന് വൈകിട്ടായിരുന്നു സംഭവം.
ഇതേദിവസം ശസ്ത്രക്രിയയ്ക്കെത്തിയ എടത്വ പാണ്ടങ്കരി മുണ്ടകത്തില്‍ ജോസഫിന്റെ(70) നെഞ്ചിലും ഇയാള്‍ മുറിവേല്‍പിച്ചതായി പരാതി ഉണ്ട്. രണ്ടു പേരുടെയും ശസ്ത്രക്രിയകള്‍ 6ന് നടന്നു. മുഴ നീക്കുന്നതിനാണ് ജോസഫ് ആശുപത്രിയിലെത്തിയത്. ശരീരം കീറിമുറിക്കാനുള്ളതല്ലേ, ഇത്തരം മുറിവുകൾ കാര്യമാക്കാനില്ലെന്നു നഴ്സിങ് ജീവനക്കാരൻ രോഗികളുടെ ബന്ധുക്കളോടു പറഞ്ഞത്രേ. ജീവനക്കാരനായ തുളസീധരൻ രണ്ടുപേരുടെയും കൂട്ടിരുപ്പുകാരിൽ നിന്നു പണം വാങ്ങിയതായും പരാതി ഉയർന്നു.
ദാമോദരന്റെയും ജോസഫിന്റെയും ദേഹത്തെ മുറിവു ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ അടിയന്തര അന്വേഷണത്തിനായി നഴ്സിങ് ഓഫിസര്‍ പുഷ്പലതയെ ചുമതലപ്പെടുത്തി. ഇവര്‍ ഇന്നലെ വൈകിട്ടോടെ സൂപ്രണ്ടിന് റിപ്പോര്‍ട്ട് കൈമാറി. നഴ്സിങ് ജീവനക്കാരന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ടിലുണ്ട്.
ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. ഇന്നു നടപടി എടുത്തേക്കും. ഇയാള്‍ക്കെതിരെ ഇതിനു മുന്‍പും പരാതി ഉയര്‍ന്നിട്ടുണ്ട്. മദ്യപിച്ച് ബഹളം ഉണ്ടാക്കി നഴ്സിങ് ജീവനക്കാരെ കയ്യേറ്റം ചെയ്ത പരാതിയില്‍ ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടി എടുത്തിരുന്നു