പാലക്കാട്ടെ സ്പിരിറ്റ് കേസിലെ പ്രതിയും സിപിഎം മുന്‍ നേതാവുമായ അത്തിമണി അനിലിനെതിരെ വീണ്ടും ഗുരുതര ആരോപണം. ആലത്തൂരിലെ ബിജെപി നേതാവിന്റെ കാല് വെട്ടിമാറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത് അനിൽ ഉൾപ്പെട്ട സംഘമാണെന്ന് ബിജെപി ആരോപിച്ചു. ജില്ലയിലെ വിവിധ രാഷ്ട്രീയ അക്രമങ്ങളില്‍ അത്തിമണി അനിലിനു പങ്കുണ്ടെന്നാണ് ആക്ഷേപം.
പാലക്കാടിനെ നടുക്കിയ രാഷ്ട്രീയ അക്രമങ്ങളിലൊന്നാണ് ഒരു വർഷം മുൻപ് ആലത്തൂരിലുണ്ടായത്. ബിജെപി ആലത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ബി ഷിബുവിന്റെ കാൽ ഒരു സംഘം ആളുകൾ വെട്ടിമാറ്റി. രാത്രി വീട്ടില്‍ കയറിയവർ ചവിട്ടി വീഴ്ത്തിയശേഷമാണ് ഷിബുവിന്റെ വലതു കാല് മുട്ടിനു മുകളില്‍ വച്ച് വെട്ടി മാറ്റിയത്.
കേസിൽ നാല് സിപിഎമ്മുകാരെ പൊലീസ് അറസ്റ്റ് ചെയ്തെതെങ്കിലും പ്രതികള്‍ക്ക് അക്രമവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആക്ഷേപം. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചിറ്റൂരിലെ സ്പിരിറ്റു കേസിന്റെ വാർത്ത വന്നപ്പോഴാണ് ഷിബു അനിലിനെ തിരിച്ചറിഞ്ഞത്. തന്നെ വെട്ടിയതും അനിലാണെന്ന് ഷിബു പറയുന്നു.
ജനതാദൾ എസ് പ്രവർത്തകൻ സിനീഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അനിലിനെ പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇത്തരം ആക്രമണക്കേസുകൾ പൊലീസ് വീണ്ടും അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനും പാർട്ടി തീരുമാനമെടുത്തതായി ബിജെപി നേതാക്കൾ അറിയിച്ചു.