
സ്പിരിറ്റ് കടത്തിയതിന് പാലക്കാട്ട് അറസ്റ്റിലായ സിപിഎം മുന്‍ പ്രാദേശിക നേതാവ് അത്തിമണി അനിലിനെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അനിലിനെ വിശദമായി ചോദ്യം ചെയ്തശേഷം തെളിവെടുപ്പ് നടത്തി. സ്പിരിറ്റുകടത്തില് കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷണം തുടരും. ചിറ്റൂര്‍ മേഖലയിലെ വ്യാജകളള് നിര്‍മാണം തടയുമെന്ന് എക്സൈസ് ഇന്റലിജന്‍സ് അറിയിച്ചു.
ചിറ്റൂര്‍ മേഖലയില്‍ കാലങ്ങളായി തുടരുന്ന സ്പിരിറ്റുകടത്തിന് തടയിട്ടത് എക്സൈസ് ഇന്റലിജന്‍സിന്റ നീക്കങ്ങളായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് പഴുതടച്ചുളള പരിശോധന നടത്തിയെന്ന് അവകാശപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചിറ്റൂരിലെ സ്പിരിറ്റ് ലോബിയെ തടയാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇന്റലിജന്‍സ് അത്തിമണി അനിലിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതും പിടികൂടിയതും. പിടികൂടിയ സ്പിരിറ്റ് വാഹനവുമായി ബന്ധമില്ലെന്ന അനിലിന്റെ വിശദീകരണം ഉദ്യോഗസ്ഥര്‍ തളളിക്കളയുന്നു. വ്യാജകളളില് കൂടുതല്‍ പരിശോധനയും സ്പിരിറ്റ് കടത്തില്‍ അന്വേഷണവും തുടരുമെന്ന് ഇന്റലിജന്‍സ് അറിയിച്ചു.
സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും കേസ് നടത്തിപ്പില്‍ ഉള്‍പ്പെടെ ഉന്നതരുടെ സഹായമുണ്ട്. അനിലിനെ കേസില്‍ നിന്നൊഴിവാക്കാന്‍ മറ്റ് ചിലരെ പ്രതികളാക്കി രക്ഷപെടാനും നീക്കം നടത്തിയിരുന്നു.