കൊല്ലം കടയ്ക്കലില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് നിയോഗിച്ച ക്വട്ടേഷന്‍ സംഘം. വര്‍ഷങ്ങളായി പിണങ്ങി കഴിഞ്ഞിട്ടും വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്താന്‍ യുവതി സമ്മതിക്കാഞ്ഞതാണ് പകയ്ക്ക് കാരണം. കൊല്ലപ്പെട്ട റംല ബീവിയുടെ ഭര്‍ത്താവടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കടയ്ക്കൽ റാഫി മൻസിലിൽ റംല ബീവി കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് ഷാജഹാനടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുളകുപൊടി മുഖത്ത് വിതറിയ ശേഷം റംലയെ പുറകില്‍ നിന്നു കുത്തിവീഴ്ത്തിയ ചടയമംഗലം സ്വദേശി നവാസ്. കൃത്യസ്ഥലത്തേക്കും തിരിച്ചും നവാസിനെ ബൈക്കിലെത്തിച്ച ചടയമംഗലം സ്വദേശിയായ അജി. ക്വട്ടേഷന്‍ സംഘത്തെ ഷാജഹാന് പരിചയപ്പെടുത്തികൊടുത്ത ഷംസീര്‍ എന്നിവാരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേര്‍.
വര്‍ഷങ്ങളായി പിണങ്ങി കഴിയുകയായിരുന്നു ഷാജഹാനും റംലബിവിയും. വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ കുറച്ചു നാളായി ഷാജഹാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. റംല രണ്ടുമക്കളുമൊത്ത് താമസിക്കുന്ന വീട്ടില്‍ നിന്നും ഒഴിയണമെന്നും പകരം പണം നല്‍കാമെന്നും ഷാജഹന്‍ വാക്ദാനം നല്‍കിയിരുന്നു. ഇതിന് റംല ബീവി വഴങ്ങാഞ്ഞതാണ് കൊലപാതകത്തിന് കാരണമന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച്ച രാത്രിയാണ് റംല ബീവി കൊല്ലപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കബറടക്കി.