കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുഖം മൂടി സംഘത്തിന്‍റെ ആക്രമണം. ബൈക്കിലെത്തിയ സംഘം വലിയ ഇരുമ്പു ദണ്ഡുകൊണ്ടാണ് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രണവ്, സുധീഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

 

പത്രഏജന്‍റുമാരാണ് ആക്രമത്തിനിരയായ പ്രണവും സുധീഷും. ഇരുവരും രാവിലെ പത്ര വിതരണം നടത്തുന്നതിനിടെയായിരുന്നു ബൈക്കിലെത്തിയ മുഖം മൂടി സംഘത്തിന്‍റെ ആക്രമണം. പ്രണവിന്‍റെ വലതുകാലും വലതുകയ്യും തല്ലിയൊടിച്ചു. തലയ്ക്കും പരുക്കുണ്ട്. സുധീഷിന്‍റെ ചെവി മുറിഞ്ഞുപോയ നിലയിലാണ്. 

 

ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം. ശബരിമലയിലെ യുവതീ പ്രവേശത്തില്‍ പ്രതിഷേധിച്ച് കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ പ്രകടനത്തിനിടെ പ്രദേശത്ത് ബിജെപി സിപിഎം സംഘര്‍ഷം ഉണ്ടായിരുന്നു. സിപിഎം കൊടിയും, പോസ്റ്ററുകളും നശിപ്പിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് ആക്രമണം എന്നാണ് നിഗമനം. 

 

എന്നാല്‍, മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനും ബിജെപിയെയും സിപിഎമ്മിനെയും തമ്മിലടിപ്പിക്കാനുമുള്ള ചിലരുടെ ശ്രമങ്ങളാണ് ഇതെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.