ഒരു വർഷം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞതു ശരീരദാഹികളായ പുരുഷൻമാരുടെ മാത്രം ഇടയിലെന്നു വിതുര പീഡനക്കേസിൽ ഇരയായ യുവതി കോടതിയിൽ മൊഴി നൽകി. 1995 ഒക്ടോബർ 21 മുതൽ 1996 ജൂലൈ 10 വരെ നേരിട്ട കൊടുംപീഡനത്തിന്റെയും ശാരീരിക ഉപദ്രവത്തിന്റെയും അനുഭവങ്ങളാണു അറിയിച്ചത്. ഒന്നാം പ്രതി സുരേഷാണു പല സ്ഥലത്തും മുറിയിൽ പൂട്ടിയിട്ടു പീഡനത്തിനിരയാക്കുകയും മറ്റുള്ളവർക്കു കാഴ്ചവയ്ക്കുകയും ചെയ്തത്. ഒട്ടേറെ പേർ മാറിമാറി പീഡനത്തിനിരയാക്കി.
1996 ജൂലൈ 23ന് എറണാകുളം കടവന്ത്രയിലെ പ്രതി സണ്ണിയുടെ വീട്ടിൽ നിന്നാണു കേസിലെ ഇരയായ യുവതി ഉൾപ്പെടെ ഏതാനും സ്ത്രീകളെയും പുരുഷൻമാരെയും വ്യഭിചാരക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 7 ദിവസത്തിനു ശേഷം ജാമ്യം ലഭിച്ചു പുറത്തുവന്നപ്പോൾ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ സ്വന്തം അച്ഛനെ പോലും തിരിച്ചറിയാതെ അലറിക്കരഞ്ഞതായും കോടതിയിൽ യുവതി പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയാക്കി. ഫെബ്രുവരി എട്ടിനു പ്രതിഭാഗം ക്രോസ് വിസ്താരം നടക്കും
ഒന്നാം പ്രതി സുരേഷിൽ നിന്നു ജീവനു ഭീഷണി ഉണ്ടെന്ന് ഇരയായ യുവതി കോടതിയിൽ മൊഴി നൽകിയതിനെത്തുടർന്ന് ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ രേഖാമൂലം കോടതിയിൽ അപേക്ഷ നൽകി. യുവതിയുടെ സത്യവാങ്‌മൂലം ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷ ഇന്നു പരിഗണിക്കും