വിതുര പീഡനക്കേസില്‍ പരോളില്‍ ഇറങ്ങിയ ഒന്നാം പ്രതിയില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ഇരയായ യുവതി കോടതിയില്‍ മൊഴി നല്‍കി. പ്രത്യേക കോടതിയിൽ നടന്ന മൂന്നാം ഘട്ട വിചാരണയ്ക്കിടെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍. പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങി.
കൊല്ലം കടയ്ക്കൽ ജുബൈന മൻസിലിൽ സുരേഷിനെതിരെയാണ് ഇരയായ യുവതി മൊഴി നല്‍കിയത്. പരോളിലിറങ്ങിയ പ്രതി ഫോണില്‍ വിളിച്ചും നേരിട്ടും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി കോടതിയില്‍ പറഞ്ഞു. മൂന്നാംഘട്ട വിചാരണയ്ക്കിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയായ പെൺകുട്ടിയെ ഒന്നാംപ്രതിയായ സുരേഷ് തട്ടികൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് പലർക്കായി കാഴ്ചവച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. റജിസ്റ്റർ ചെയ്തിട്ടുള്ള 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്.
അന്വേഷണ സമയത്ത് പൊലീസിന് സുരേഷിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടു ഘട്ടങ്ങളിലും വിചാരണ നടന്നത്. രണ്ടു ഘട്ടത്തിലെയും എല്ലാ പ്രതികളെയും കോടതി വിട്ടയച്ച ശേഷം 18 വർഷം ഒളിവിലായിരുന്ന സുരേഷ് കോടതിയിൽ കീഴടങ്ങി. പ്രായപൂർത്തിയാകാത്ത സമയത്ത് ജോലി വാഗ്ദാനം ചെയ്ത് തന്നെ പ്രലോഭിപ്പിച്ച് അജിതാ ബീഗം കൂട്ടി കൊണ്ടുപോയി സുരേഷിന് കൈമാറിയതാണെന്ന് യുവതി കോടതിയിൽ പറഞ്ഞു. തുടർന്ന് സുരേഷ് തന്നെ എറണാകുളത്തെ അത്താണിയിലുള്ള വീട്ടിൽ താമസിപ്പിച്ചു.
തുടർന്ന് കാറിൽ കയറ്റി കൊണ്ടുപോയി ഹോട്ടൽ മുറിയിൽ ഒരു പുരുഷന്റെ മുന്നിലേക്ക് തള്ളി. ഇയാൾ തന്നെ പീഡനത്തിനിരയാക്കിയതായും മൂന്നാം ദിവസത്തെ വിചാരണയിൽ യുവതി മൊഴി നൽകി. പിന്നീട് സുരേഷ് പലതവണ പീഡിപ്പിച്ചു പലര്‍ക്കായി കാഴ്ചവെച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് യുവതി അടച്ചിട്ട കോടതി മുറിയില്‍ മൊഴി നല്‍കിയത്. പ്രതിയായ സുരേഷിന്റെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞിരുന്നു. മറ്റോരു അഭിഭാഷകനെ ഏർപ്പെടുത്താൻ ഒരുമാസത്തെ സമയം സുരേഷ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. തുടർന്ന് കോടതി തന്നെ പ്രതിക്കുവേണ്ടി ഒരു അഭിഭാഷകനെ ഏർപ്പെടുത്തി.