drugs-capture-main

കൊച്ചിയില്‍ നിന്ന് കൊറിയര്‍ സ്ഥാപനം വഴി ഇരുന്നൂറ് കോടി രൂപയുെട  ലഹരിമരുന്ന് വിദേശത്തേക്ക് കടത്താന്‍ നടത്തിയ നീക്കം എക്സൈസ് കണ്ടെത്തിയിട്ട് നാളേറെയായിട്ടില്ല. ഇതിനു തൊട്ടുപിന്നാലെയാണ് മലയാളികള്‍ക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത മെത്താംഫിറ്റമിന്‍ എന്ന ലഹരി മരുന്നുമായി ഇബ്രാഹിം ഷെരീഫ് എന്ന ചെന്നൈക്കാരനെ കൊച്ചിയില്‍ നിന്ന് പിടികൂടുന്നത്.

രാജ്യാന്തര ബന്ധം രണ്ടു സംഭവങ്ങളിലും ഏതാണ്ട് സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാല്‍ ലഹരി സംഘത്തിന്‍റെ പ്രവര്‍ത്തന രീതിയെ കുറിച്ചുളള കണ്ടെത്തലുകളാണ് ഞെട്ടലുളവാക്കുന്നത്.

'വൃദ്ധന്‍മാരെ സൂക്ഷിക്കുക'

അഞ്ചു കോടി രൂപയുടെ ലഹരിമരുന്നുമായി കൊച്ചിയില്‍ അറസ്റ്റിലായ ഇബ്രാഹിം ഷെരീഫിന് അമ്പത്തിയൊമ്പത് വയസാണ് പ്രായം. ചെന്നൈയില്‍ പെട്ടിക്കട നടത്തുകയാണ്  ഇബ്രാഹിം. പണം മോഹിച്ചാണ് ലഹരിമരുന്ന് ശൃംഖലയുടെ ഭാഗമായതെന്നും ഇബ്രാഹിം പറയുന്നു.

എന്നാല്‍ അമ്പത്തിയൊമ്പത് വയസുളള ഇബ്രാഹിമിനെ ഇത്രയും വില വരുന്ന ലഹരിമരുന്നിന്‍റെ കാരിയറാക്കിയതിന് പിന്നില്‍ കൃത്യമായ ലക്ഷ്യമുണ്ടെന്ന് പൊലീസ് പറയുന്നു. താരതമ്യേന പ്രായം കൂടിയ ആളെ ഉപയോഗിച്ച് ലഹരി കടത്തുമ്പോള്‍ 'റിസ്ക്' കുറവാണെന്ന ലഹരിമരുന്ന് റാക്കറ്റിന്‍റെ ചിന്തയാണ് ഇതില്‍ പ്രധാനം. 

കാഴ്ചയില്‍ നല്ല പ്രായം തോന്നുന്ന ആളുകള്‍ ട്രയിനിലും ഫ്ലൈറ്റിലും മറ്റും ലഹരിമരുന്നുമായി യാത്ര ചെയ്താലും പൊലീസിനോ എക്സൈസിനോ സംശയം തോന്നില്ലെന്ന ധാരണയില്‍ നിന്നാണ് ഇബ്രാഹിം ഷെരീഫിനെ പോലുളളവരെ കാരിയര്‍മാരാക്കുന്നതത്രേ.

ഇനി അഥവാ പിടിവീണാല്‍ തന്നെ ‘ചോദ്യം ചെയ്യേണ്ട രീതിയില്’  ഇത്തരക്കാരെ ചോദ്യം ചെയ്യാന്‍ പൊലീസ്  ധൈര്യപ്പെടില്ലെന്നും ലഹരിമരുന്ന് റാക്കറ്റ് വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ രഹസ്യങ്ങള്‍ സംരക്ഷിക്കാനാകുമെന്ന വിശ്വാസവും സീനിയര്‍ സിറ്റിസണ്‍സിനെ കാരിയര്‍മാരാക്കുന്നതിലൂടെ കിട്ടുമെന്ന ധാരണ ലഹരിമരുന്ന് സംഘങ്ങള്‍ക്കിടയില്‍ സജീവമാണെന്ന് പൊലീസ് പറയുന്നു.

'പതിനാറു വയതിനിലേ'

അമ്പത്തിയൊമ്പതുകാരന്‍ ഇബ്രാഹിമിനോട് ആരാണ് തന്‍റെ പക്കല്‍ ലഹരിമരുന്ന് എത്തിച്ചതെന്ന ചോദ്യത്തിന് കിട്ടിയ ഉത്തരവും പൊലീസിനെ ഞെട്ടിച്ചു. 'പതിനാറു വയസുളള പയ്യന്‍' എന്നായിരുന്നു ഇബ്രാഹിമിന്‍റെ മറുപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും രാജ്യാന്തര ലഹരി കടത്തു സംഘത്തിന്‍റെ  കണ്ണികളാണെന്ന ഞെട്ടിക്കുന്ന വിവരത്തിലേക്ക് കൂടിയാണ് ഇബ്രാഹിമിന്‍റെ മൊഴി വെളിച്ചം വീശുന്നത്.

വയോധികരെ ലഹരി കടത്തിനുപയോഗിക്കും പോലെ വളരെ ആസൂത്രിതമാണ് കുട്ടികളെ ഉപയോഗിച്ചുളള ലഹരി കടത്തുമെന്ന് പൊലീസ് പറയുന്നു. കുട്ടികള്‍ക്ക് പിടിവീണാലും പൊലീസ് ചോദ്യം ചെയ്യലിന്‍റെ തീവ്രത കുറയും. കോടതിയില്‍ നിന്ന് കുട്ടികള്‍ ശിക്ഷിക്കപ്പെടാനുളള സാധ്യതയും കുറവ്. 

ഇരകള്‍

ലഹരി ശൃംഖലയുടെ ഏറ്റവും താഴെത്തട്ടിലെ കണ്ണികള്‍ മാത്രമാണ് പിടിക്കപ്പെടാറ്. ഇവര്‍ക്കാകട്ടെ ഈ ശൃംഖലയുടെ മുകള്‍ത്തട്ടിലുളളവരെ കുറിച്ച് മിക്കപ്പോഴും ഒരു വിവരവും ഉണ്ടാകാറുമില്ല. അത്രമേല്‍ രഹസ്യമായാണ് ലഹരിമരുന്ന് ശൃംഖലയുടെ പ്രവര്‍ത്തനം.

കാരിയര്‍മാരായി പിടിക്കപ്പെടുന്നയാളുകള്‍ക്ക് അവരുടെ പക്കല്‍ ലഹരിമരുന്ന് എത്തിച്ചവരുടെ പേരോ മറ്റു വിവരങ്ങളോ പോലും അറിയാത്ത സ്ഥിതി. അതുകൊണ്ടു തന്നെയാണ് രാജ്യാന്തര പ്രാധാന്യമുളള ലഹരിമരുന്ന് കേസുകളുെട അന്വേഷണം പോലും മിക്കപ്പോഴും എങ്ങുമെത്താതെ അവസാനിക്കുന്നതും.