കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ് കേസിൽ കടയുടമ ലീന മരിയ പോളിൻറെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൊച്ചിയിൽ അതീവ രഹസ്യമായിട്ടായിരുന്നു മൊഴിയെടുക്കൽ. ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും നടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

 

കൊച്ചിയിൽ ലീനയുടെ അഭിഭാഷകൻറെ ഓഫീസിൽ വച്ചാണ് പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. രാത്രി ഏഴരയ്ക്ക് ആരംഭിച്ച മൊഴിയെടുക്കൽ ഒന്പതര വരെ നീണ്ടു. രവി പൂജാരിയുടേതെന്ന പേരിൽ ഭീഷണി സന്ദേശം ലഭിച്ചുവെന്നും ജീവന് ഭീഷണിയുണ്ടെന്നും നടി പൊലീസിന് മൊഴി നൽകി. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ലീന പൊലീസിനോട് പറഞ്ഞു. ലീനയുമായി സാമ്പത്തിക ഇടപാടുകൾ ഉള്ളവരുടെയും, ലീന സംശയിക്കുന്നവരുടെയും വിശദാംശങ്ങളും അന്വേഷണ സംഘം തേടി.

 

 ലീനയുടെ മൊഴിയിൽ പറഞ്ഞ പല കാര്യങ്ങളിലും വ്യക്തത വരുത്താനുള്ള ശ്രമം അന്വേഷണ സംഘത്തിൻറെ ഭാഗത്ത് നിന്നുണ്ടാകും. ലീന മരിയ പോളിൻറെ മൊഴി രേഖപ്പെടുത്തിയതോടെ വെടിവെയ്പ് കേസിൻറെ അന്വേഷണം ഊർജിതമാകും. ബ്യൂട്ടിപാർലറിന് നേർക്ക് വെടിവെയ്പ് നടത്തിയ അക്രമികളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ ലീനയുടെ മൊഴിയെ കേന്ദ്രീകരിച്ചാകും ഇനി അന്വേഷണം മുന്നോട്ട് പോവുക. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബൈക്കിലെത്തിയ രണ്ടുപേർ പനമ്പിള്ളി നഗറിലെ ലീനയുടെ ബ്യൂട്ടിപാർലറിനു നേർക്ക് വെടിയുതിർത്തത്.