bhalabhasker-accident-twist

അപകട സമയത്ത് വാഹനമോടിച്ചത് സംഗീതജ്ഞന്‍ ബാലഭാസ്ക്കര്‍ തന്നെയെന്ന് സാക്ഷി മൊഴി. സമീപവാസികളും രക്ഷാ പ്രവര്‍ത്തകരുമാണ് മൊഴി നല്‍കിയത്. നേരത്തെ വാഹനമോടിച്ചത് അര്‍ജുനെന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും, ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നു ഡ്രൈവര്‍ അര്‍ജുനും മൊഴി നല്‍കിയിരുന്നു. സെപ്തംബര്‍ 25 നു നടന്ന തിരുവനന്തപുരം പള്ളിപ്പുറത്തു വെച്ചു നടന്ന വാഹനാപകടത്തില്‍ ബാലഭാസ്കറും മകളും മരിച്ചിരുന്നു

 

അപകടത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് പുതിയ സാക്ഷി മൊഴികള്‍. അപകടം നടന്നയുടനെ ഡ്രൈവര്‍ സീറ്റില്‍ നിന്നാണ് ബാലഭാസ്കറിനെ ഗ്ലാസ് പൊട്ടിച്ച് പുറത്തേക്ക് എടുത്തതെന്നാണ് സമീപവാസികളും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും മൊഴി നല്‍കിയിരിക്കുന്നത്. ലക്ഷ്മിയും മകളും മുന്‍ സീറ്റിലായിരുന്നു. അപകടശബ്ദം കേട്ട് പിന്നാലെ  വന്ന വാഹനങ്ങളില്‍ നിന്നുള്ളവരും പുറത്തിറങ്ങിയിരുന്നു. ഇതില്‍ കൊല്ലം സ്വദേശിയായ വ്യക്തിയും സമാന മൊഴിയാണ് നല്‍കിയത്. മൊഴി നല്‍കിയതായി സമീപവാസികള്‍ മാധ്യമങ്ങളോടും പറഞ്ഞു

 

എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നിഗമനത്തിനു ഇനിയും കൂടുതല്‍ ആള്‍ക്കാരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നു പൊലീസ് പറഞ്ഞു. അപകടസമയത്ത് അര്‍ജുനായിരുന്നു വാഹനമോടിച്ചതെന്നാണ് ബാലഭാസ്കറിന്റെ ഭാര്യ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ കൊല്ലത്ത് വാഹനം നിര്‍ത്തി ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്കറായിരുന്നു വാഹനമോടിച്ചതെന്നും താന്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നെന്നും അപകടശബ്ദം കേട്ട് ഞെട്ടിയുണരുകയായിരുന്നെന്നുമായിരുന്നു അര്‍ജുന്റെ മൊഴി. മരണത്തെപ്പറ്റി ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും  ബാലഭാസ്കറിന്റെ പിതാവ് സി കെ ഉണ്ണിയുടെ പരാതി ഡി.ജി.പി അന്വേഷണ സംഘത്തിന ്കൈമാറിയിരുന്നു.