maya-ananya

TAGS

തമിഴ് നടി മായ.എസ്.കൃഷ്ണനെതിരെ മീ ടു വെളിപ്പെടുത്തല്‍. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാടക കലാകാരി അനന്യ രാമപ്രസാദാണ് ഫെയ്സ്ബുക്കിലൂടെ നടി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ അനന്യ കള്ളം പറയുകയാണെന്നും നിയമപരമായി നേരിടുമെന്നും മായ എസ് കൃഷ്ണനും വ്യക്തമാക്കി.

 

ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കെതിരെ വെളിപ്പെടുത്തുന്ന മീ ടു ആരോപണമാണിത്. രണ്ട് വര്‍ഷം മുമ്പ് നടന്ന ദുരനുഭവമാണ് നാടക കലാകാരി അനന്യ രാമപ്രസാദ് ഫെയ്സ്ബുക്കിലൂടെ തുറന്നടിച്ചത്. 2016ലാണ് നടി മായ എസ് കൃഷ്ണനുമായി സൗഹൃദത്തിലാകുന്നതെന്നും  പിന്നീട് അടുത്ത് കഴിഞ്ഞപ്പോള്‍ തന്‍റെ ജീവിതത്തിന്‍റെ നിയന്ത്രണം അവര്‍ ഏറ്റെടുക്കുന്നതുവരെയെത്തി കാര്യങ്ങളെന്നും അനന്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നിരവധി രാത്രികളില്‍ ഒന്നിച്ച് കിടന്നിട്ടുണ്ട്. ആദ്യമെല്ലാം സാധാരണ നിലയിലായിരുന്നു. പിന്നീട് തന്നെ  കെട്ടിപ്പിടിക്കാനും  ചുംബിക്കാനും തുടങ്ങി. സ്വവര്‍ഗ രതിക്ക് പ്രേരിപ്പിച്ചെന്നും അനന്യ ആരോപിക്കുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ ഇതെല്ലാം സാധാരണമാണെന്ന് പറഞ്ഞ് എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

 

നടന്‍ അശ്വിന്‍ റാമുമായി മായക്ക് ബന്ധമുണ്ടായിരുന്ന കാലത്താണ് തന്നെ ലൈഗീകമായി ഉപയോഗിച്ചത്. ഒരു പുരുഷനായിരുന്നു പീഡിപ്പിച്ചതെങ്കില്‍ തിരിച്ചറിയാന്‍ എളുപ്പമായിരുന്നെന്നും മാനസികമായി തകര്‍ന്ന താന്‍ ചികിത്സകള്‍ക്കൊക്കെ ശേഷമാണ് പീഡനത്തിന്‍റെ വ്യാപ്തി മനസിലാക്കുന്നതെന്നും അനന്യ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ മായ നിഷേധിച്ചു. പതിനെട്ട് വയസുള്ള കുട്ടിയെന്ന പരിഗണന നല്‍കി സഹായിക്കുക മാത്രമാണ് ചെയ്തതെന്നും ലൈഗീകമായും  മാനസികമായും പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നും മായ ഫെയ്സ്ബുക്കിലൂടെ തന്നെ മറുപടി നല്‍കി. തന്നെയും കുടുംബത്തെയും അനന്യ മാനസികമായി തളര്‍ത്തിയെന്നും നിയമപരമായി നേരിടുമെന്നും താരം വ്യക്തമാക്കി. രജനീകാന്ത് നായകനാവുന്ന 2.0 ആണ് മായയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. വിക്രം നായകനാവുന്ന ദ്രുവ നക്ഷത്രത്തിലും മായ വേഷമിടുന്നുണ്ട്.