പത്തനംതിട്ട പറക്കോട് കടയില്‍ നിന്ന് 400കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ പറക്കോട് സ്വദേശി പളനിയപ്പനെ എക്സൈസ് പിടികൂടി. അടൂര്‍ മേഖലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ തിരച്ചിലിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. 

കഴിഞ്ഞദിവസം അടൂര്‍ കുരമ്പാലയില്‍ നിന്ന് 500 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് പറക്കോടും റെയ്ഡ് നടത്തിയത്. ചാക്കുകളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. അധിക വില ഈടാക്കിയാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില‍പ്പന നടത്തിയിരുന്നത്.

അടൂര്‍ മേഖലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ രഹസ്യവില്‍പന വ്യാപകമാണ്. 

സ്കൂള്‍,കോളജ് വിദ്യാര്‍ഥികളാണ് കച്ചവടക്കാരുടെ മുഖ്യ ഇരകള്‍. തമിഴ്നാട്ടില്‍ നിന്നാണ് ഇവ വില്‍പ്പനക്കെത്തിക്കുന്നത്. ഇവ എത്തിച്ചുനല്‍കാന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം. വരുംദിവസങ്ങളിലും പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനം.