marriage-fraud

തട്ടിപ്പിന്‍റെ 'പരസ്യ'വഴി

ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനിയായ യുവതിയില്‍ നിന്നാണ് സംസ്ഥാനമെമ്പാടും വിവാഹ തട്ടിപ്പ് നടത്തിയ ബിജു ആന്‍റണിയെ കുറിച്ചുളള വിവരങ്ങള്‍ പൊലീസിന് കിട്ടുന്നത്.  കോട്ടയ്ക്കല്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വാക്കു നല്‍കി കൊച്ചിയിലെത്തിച്ച ശേഷം വടുതലയില്‍ വീട് വാടകയ്ക്ക് എടുത്ത് ഒരാഴ്ചക്കാലം ബിജു താമസിപ്പിച്ചു. മറൈന്‍ ഡ്രൈവ് കാണിക്കാമെന്നു പറഞ്ഞ് വാടക വീട്ടില്‍ നിന്ന് പുറത്തിറക്കി മേനക ജങ്ഷനില്‍ എത്തിച്ചു.

യുവതിയെ ഇവിടെ നിര്‍ത്തിയ ശേഷം വാടക വീട്ടിലേക്ക് തിരികെ പോയ ബിജു യുവതിയുടെ ബാഗിലുണ്ടായിരുന്ന മുപ്പതിനായിരത്തോളം രൂപയും സ്വര്‍ണവും കവര്‍ന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് യുവതി നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയതും ബിജുവിനെ പറ്റി പൊലീസ് അന്വേഷണം തുടങ്ങിയതും.

മുപ്പത്തിയെട്ടു വയസുകാരനായ ബിജു കഴിഞ്ഞ പത്തൊമ്പതു വര്‍ഷമായി വിവാഹ തട്ടിപ്പ് നടത്തുകയാണെന്ന് പൊലീസ് പറയുന്നു . പുനര്‍വിവാഹത്തിനായി പത്രത്തില്‍ പരസ്യം നല്‍കിയായിരുന്നു ബിജുവിന്‍റെ തട്ടിപ്പുകളത്രയും . പരസ്യം കണ്ടു വിളിക്കുന്ന യുവതികളുമായി ബിജു വേഗത്തില്‍ അടുപ്പം സ്ഥാപിക്കും.

സ്വന്തം ബന്ധുക്കളെ പോലും ഉപേക്ഷിച്ച് വീടു വിട്ടിറങ്ങാന്‍ പ്രേരിപ്പിക്കും. ഇങ്ങനെ വീടുവിട്ടിറങ്ങുന്നവരുമായി നാടുവിടും.തുടര്‍ന്ന് ഒന്നോ രണ്ടോ ആഴ്ച ഇവര്‍ക്കൊപ്പം താമസിച്ച് ഇരകളെ ലൈംഗിക ചൂഷണത്തിനിരകളാക്കും . പിന്നീട് പണവും സ്വര്‍ണവും കവര്‍ന്ന് മുങ്ങും. ഇതായിരുന്നു ബിജുവിന്‍റെ രീതി . കോഴിക്കോട് ,കണ്ണൂര്‍ ജില്ലകളിലാണ് ബിജു തട്ടിപ്പേറെയും നടത്തിയിട്ടുളളത് . 

ഓരോ ഇരയ്ക്കും ഓരോ 'നമ്പര്‍'

ഒരാളെ കബളിപ്പിച്ച് മുങ്ങിയാല്‍ പിന്നെ ബിജുവിനെ കണ്ടെത്തുക അതീവ ദുഷ്കരവുമായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതിനൊപ്പം ഓരോ ഇരയുടെയും തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഇയാള്‍ സിം കാര്‍ഡുകളും സംഘടിപ്പിക്കും. ഓരോ ഇരയെ കുടുക്കാനും ഓരോ ഫോണ്‍ നമ്പര്‍. ആവശ്യം കഴിഞ്ഞാല്‍ ഈ സിം കാര്‍ഡുപേക്ഷിച്ച് പുതിയതുപയോഗിക്കും. ഈ തന്ത്രം ബിജുവിനെ അന്വേഷിച്ചിറങ്ങിയ പൊലീസിനെയും ഏറെ കുഴക്കി. 

ഓരോ ഇരയെ കുടുക്കാനും ഓരോ പേരാണ് ബിജു ഉപയോഗിച്ചിരുന്നത്. ഇരയുടെ മതവും ജാതിയുമനുസരിച്ച് ബിജു പേരു മാറ്റിപ്പറയും .ജീവനെന്നും,ലത്തീഫെന്നും,അശോകനെന്നും തുടങ്ങി പല പല പേരുകളിലായിരുന്നു തട്ടിപ്പ് . ഫെയ്സ്ബുക്കും ഇരകളെ കണ്ടെത്താനുളള  ബിജുവിന്‍റെ മുഖ്യസ്രോതസായിരുന്നു. തന്‍റെ മുഖഛായയുളള പലരുടെയും ചിത്രങ്ങളുപയോഗിച്ച് ഒട്ടേറെ വ്യാജപ്രൊഫൈലുകളും ഇയാള്‍ ഫെയ്സ്ബുക്കില്‍ തയാറാക്കി. 

അഴിക്കകത്തും തുടരുന്ന 'ആലോചനകള്‍'

അരയ്ക്ക് താഴെ തളര്‍ന്ന കോട്ടയം സ്വദേശിയായ അറുപത്തിയേഴുകാരിയെ പോലും താന്‍ പുനര്‍വിവാഹത്തിന്‍റെ പേരില്‍  കബളിപ്പിച്ചിട്ടുണ്ടെന്ന ബിജുവിന്‍റെ വെളിപ്പെടുത്തല്‍ അതിശയത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും കേട്ടു നിന്നത്. നാല്‍പ്പത്തിയയ്യായിരം രൂപയും സ്വര്‍ണവും ഇവരില്‍ നിന്ന് ബിജു തട്ടിയെടുത്തു. സര്‍ക്കാരുദ്യോഗസ്ഥരും,അധ്യാപകരും,ബാങ്ക് മാനേജര്‍മാരും പോലും ബിജുവിന്‍റെ തട്ടിപ്പിന് ഇരകളായെന്ന് പൊലീസ് പറയുന്നു. എന്നാല്‍ തട്ടിപ്പിനിരയായവരില്‍ മിക്കവരും അപമാനം ഭയന്ന് രേഖാമൂലം പരാതി നല്‍കാന്‍ മടിച്ചതും ബിജുവിന്‍റെ സ്വൈര്യവിഹാരത്തിന് സഹായമായി.

മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനിയായ യുവതിയെ കബളിപ്പിച്ച് സ്വര്‍ണവും  പണവും തട്ടിയെടുത്ത് കൊച്ചിയില്‍ നിന്ന് മുങ്ങിയ ബിജു തൊട്ടടുത്ത ദിവസത്തെ പത്രങ്ങളിലും വിവാഹ പരസ്യം നല്‍കി. ഈ പരസ്യം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ബിജുവിനെ വിളിച്ച മൂന്നു പേരെ നേരില്‍ കാണുക പോലും ചെയ്യാതെ ഫോണ്‍ സംഭാഷണത്തിലൂടെ ബിജു തന്‍റെ വരുതിയിലാക്കിയെന്ന് പൊലീസ് പറയുന്നു. പൊലീസ് പിടികൂടുന്നതിനിടെ ഇവര്‍ ബിജുവിന്‍റെ ഫോണിലേക്ക് വിളിച്ചു. മൂവരും പണവുമായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജുവിനെ കാത്തിരിക്കുകയുമായിരുന്നു. അറസ്റ്റിലായി രണ്ടു ദിവസം പിന്നിട്ടിട്ടും വിവാഹാവശ്യവുമായി ബിജുവിന്‍റെ ഫോണിലേക്ക് എത്തുന്ന കോളുകള്‍ക്ക് മറുപടി പറഞ്ഞ് തളര്‍ന്നിരിക്കുകയാണ് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. 

നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്ഐ വിബിന്‍ദാസ്,എഎസ്ഐ ശ്രീകുമാര്‍,സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ് കൃഷ്ണ,സിവില്‍ പൊലീസ് ഓഫിസര്‍മാരായ അജിലേഷ്,റെക്സിന്‍ എന്നിവര്‍ ചേര്‍ന്നാണ് വയനാട്ടില്‍ നിന്ന് ബിജുവിനെ അറസ്റ്റ് ചെയ്തത്.