blade-raja-side-story

വട്ടിരാജ. സമീപകാലത്ത് പുറത്തിറങ്ങിയ നേരം എന്ന മലയാള സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണിത്. കൊളള പലിശയ്ക്ക് പണം നല്‍കിയ ശേഷം ഇടപാടുകാരനെ വിരട്ടിയും ആക്രമിച്ചും പണം തിരിച്ചു പിടിക്കുന്ന പലിശക്കാരന്‍. പേരിലും പ്രവര്‍ത്തിയിലും ഈ സിനിമ കഥാപാത്രവുമായി സാമ്യമുണ്ട് മഹാരാജനെന്ന ചെന്നൈ വിരുതാപുരം സ്വദേശിയ്ക്കും.

 

നൂറ്റിയിരുപത് ശതമാനം പലിശ ഈടാക്കിയാണ് മഹാരാജനും കൂട്ടരും സംസ്ഥാനത്ത് പണമിടപാട് നടത്തിയിരുന്നത്. ഒരു കോടി രൂപയില്‍ കുറഞ്ഞ ഒരു തുക മഹാരാജന്‍ ആര്‍ക്കും വായ്പ കൊടുത്തിരുന്നില്ല. ഒരു കോടി രൂപയ്ക്ക് പത്തു ലക്ഷം രൂപയായിരുന്നു പ്രതിമാസ പലിശ.ഇതില്‍ ഒരു ലക്ഷം രൂപ ഇടപാടുകാരനെ സംഘടിപ്പിച്ചു കൊടുക്കുന്ന ഏജന്‍റിന്‍റെ കമ്മിഷന്‍.ബാക്കി മുഴുവന്‍ മഹാരാജന്‍റെ പലിശ. 

 

blade-raja

ഒരു ബ്ലാങ്ക് ചെക്ക് മാത്രമായിരുന്നു കടം നല്‍കുന്ന തുകയ്ക്ക് ഈടായി മഹാരാജന്‍ വാങ്ങിയിരുന്നത്. എന്നു കരുതി പണം മഹാരാജനെ കബളിപ്പിച്ച് പണം മടക്കി നല്‍കാതിരിക്കാനും കഴിയുമായിരുന്നില്ല. പറഞ്ഞ സമയത്ത് പണം നല്‍കാത്തവരെ തേടി ഗുണ്ടകളെത്തും. ഭീഷണിയിലൂടെയും അക്രമത്തിലൂടെയുമായിരുന്നു ഇടപാടുകാരില്‍ നിന്ന് പണം ഈടാക്കിയിരുന്നതും. 

 

സംസ്ഥാനത്തെമ്പാടും മഹാരാജനു സഹായം നല്‍കുന്ന ഗുണ്ടാ സംഘങ്ങളും ഏറെയുണ്ടായിരുന്നു. കളളപ്പണത്തിന്‍റെ ഇടപാടായിരുന്നതിനാല്‍ അക്രമിക്കപ്പെട്ട ഇടപാടുകാര്‍ പൊലീസില്‍ പരാതി നല്‍കാനും ഇത്രകാലം മടിച്ചു. പൊലീസിനോ മറ്റ് സാമ്പത്തിക ഏജന്‍സികള്‍ക്കോ ഒരു സൂചന പോലും കൊടുക്കാതെ സംസ്ഥാനത്തുടനീളം നടത്തിയിരുന്ന ഈ അനധികൃത സാമ്പത്തിക ഇടപാട് പുറത്തു വന്നത് ഇടപാടുകാരിലൊരാളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്. കടം വാങ്ങിയ പണം തിരികെ കിട്ടാതെ വന്നതോടെ മൂവാറ്റുപുഴ സ്വദേശിയായ ഇടപാടുകാരന്‍റെ കാര്‍ മഹാരാജന്‍റെ ഗുണ്ടകള്‍ തട്ടിയെടുത്തു. തുടര്‍ന്ന് ഇയാള്‍  കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതിയിലാണ് മഹാരാജന്‍ അഴിക്കകത്താകുന്നത്.

 

കളളപ്പണമുപയോഗിച്ച് മഹാരാജനും കൂട്ടരും നടത്തിയിരുന്ന പണമിടപാടില്‍ കൊച്ചിയിലെയടക്കം വമ്പന്‍ വ്യവസായ ഗ്രൂപ്പുകളും,സ്വകാര്യ ആശുപത്രികളും ഗുണഭോക്താക്കളായിരുന്നെന്നതിന്‍റെ സൂചനകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള പ്രാഥമിക അന്വേഷണവും പൊലീസ് തുടങ്ങി. 

 

ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ സംസ്ഥാനത്തെ അനധികൃത പണമിടപാടുകാരിലേറിയ പങ്കിനെയും കുടുക്കിയപ്പോഴും മഹാരാജനെയും കൂട്ടരെയും കുറിച്ച് ഒരു സൂചന പോലും കിട്ടിയിരുന്നില്ല . വമ്പന്‍ വ്യവസായികളെ മാത്രം കേന്ദ്രീകരിച്ച് നടത്തിയിരുന്ന സാമ്പത്തിക ഇടപാടാണ് കുബേര കാലത്തും പൊലീസിന്‍റെ കണ്ണുവെട്ടിയ്ക്കാന്‍ മഹാരാജന് തുണയായത്.