മലപ്പുറം എടവണ്ണ ഒതായി മനാഫ് വധക്കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ രണ്ടു ബന്ധുക്കളുടെ അറസ്റ്റു വൈകുന്നതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മനാഫിന്റെ കുടുംബം.
കഴിഞ്ഞ മാസം കേസിലെ രണ്ടു പിടികിട്ടാപ്പുളളികള്‍ അറസ്റ്റിലായിരുന്നു. ഇനി പിടിയിലാവാനുളള രണ്ടു പ്രതികള്‍ക്ക് വേണ്ടി കോടതിയുടെ നിര്‍ദേശപ്രകാരം ലുക്ക് ഒൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.
പി.വി. അന്‍വറിന്റെ ബന്ധുക്കളായ മാലങ്ങാടന്‍ ഷരീഫ്, മാലങ്ങാടന്‍ ഷഫീഖ് എന്നിവരേയാണ് കൊലപാതകം നടന്ന് 23 വര്‍ഷം കഴിഞ്ഞിട്ടും അറസ്റ്റു ചെയ്യാനാവാത്തത്. 1995 ഏപ്രില്‍ 13ന് നടന്ന കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ നാലു പ്രതികളെ പിടികൂടാനായിരുന്നില്ല.
പ്രതിപ്പട്ടികയിലുണ്ടായിരുന്ന പി.വി. അന്‍വറടക്കമുളളവരെ വിചാരണക്ക് ശേഷം കോടതി വെറുതെ വിട്ടിരുന്നു. ഒളിവിലായിരുന്ന മറ്റു പ്രതികളായ കബീര്‍, മുനീബ് എന്നിവര്‍ കഴിഞ്ഞ മാസമാണ് അറസ്റ്റിലായത്.
ഇടക്കിടെ നേപ്പാള്‍ വഴി നാട്ടില്‍ വന്നു പോവുന്ന മറ്റു രണ്ടു പ്രതികളെ കൂടി അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിക്കുന്നത്. മനാഫിന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് ഇനി പിടിയിലാവാനുളള പ്രതിളെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. പിടികിട്ടാനുളള രണ്ടു പ്രതികളും നിലവില്‍ ഗള്‍ഫിലുണ്ട്.