karipur-luggage

എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്നു യാത്രക്കാരുടെ ലഗേജ് ബാഗില്‍ നിന്ന് വിലപിടിപ്പുളള വസ്തുക്കള്‍ കവര്‍ന്നു. കസ്റ്റംസിലും പൊലീസിലും പരാതി നല്‍കിയെങ്കിലും മോഷണത്തെക്കുറിച്ച് തുമ്പു കിട്ടിയില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.

 

രാത്രി ദോഹയില്‍ നിന്നെത്തിയ യാത്രക്കാരി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഫായിദയുടെ ലഗേജ് ബാഗില്‍ നിന്ന് 56000 രൂപ വിലയുളള ഐപ്പാഡാണ് കവര്‍ന്നത്. ലഗേജ്ബാഗിനുളളില്‍ പ്രത്യേക പെട്ടിയിലായിരുന്നു ഐപ്പാഡ് സൂക്ഷിച്ചത്.

കരിപ്പൂരിലെത്തിയ യാത്രക്കാര്‍ക്ക് ഒരു മണിക്കൂറോളം വൈകിയാണ് ലഗേജ് ബാഗുകള്‍ ലഭിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു യാത്രക്കാരുടെ ലഗേജ് ബോഗുകളും കുത്തിത്തുറന്ന നിലയിലാണ്. പേന ഉപയോഗിച്ച് ബാഗുകള്‍ തുറന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടവേളക്ക് ശേഷമാണ് കരിപ്പൂരില്‍ എത്തുന്ന യാത്രക്കാരുടെ ലഗേജുകളില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോവുന്നത്.

 

കസ്റ്റംസ് വിഭാഗത്തിലും കരിപ്പൂര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എത്തണമെന്ന് പരാതിക്കാരിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്ര ആരംഭിച്ച ദോഹ വിമാനത്താവളത്തിലും പരാതി നല്‍കുന്നുണ്ട്.