വ്യവസായിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് അഞ്ചുലക്ഷം രൂപ കൈവശപ്പെടുത്തിയ കേസില്‍ മൂന്ന് പേർ കണ്ണൂരിൽ പിടിയിലായി. ആലുവ സ്വദേശി മുഹമ്മദ് അഷറഫിനെയാണ് കഴിഞ്ഞമാസം ഇരുപത്തിേയഴാംതീയതി പുതിയതെരുവില്‍നിന്ന് അഞ്ചംഗസംഘം തട്ടികൊണ്ടുപോയത്. 

കണ്ണാടിപ്പറമ്പ് സ്വദേശികളായ റെഹീസ്, റെനിൽ, സന്ദീപ് എന്നിവ‍രാണ് പിടിയിലായത്. റെഹീസിന്റെ വീടിന്റെ മുകളില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു മൂവരും. അഷ്റഫിന്‍റെ മുൻ ഡ്രൈവറായിരുന്ന പഴങ്ങാടി സ്വദേശി ഹബീബിന്‍റെ നേതൃത്വത്തിലാണ് തട്ടികൊണ്ടുപോയത്.

കാറില്‍വച്ചും ആളൊഴിഞ്ഞ വീട്ടിലെത്തിച്ചും മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് എടിഎം പിന്‍ നമ്പര്‍ വാങ്ങി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു. വിലപിടിപ്പുള്ള വാച്ചും മൊബൈലും സ്വന്തമാക്കി.

ഹബീബിന് പുറമെ കണ്ണാടിപറമ്പ് സ്വദേശിയായ അഖിലിനെകൂടി ഇനി പിടികൂടാനുണ്ട്. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.