puthuppady-murdr-attempt

കോഴിക്കോട് പുതുപ്പാടിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി. കോടഞ്ചേരി കുപ്പായക്കോട് സ്വദേശി സജി കുരുവിളയെ ഗുരുതര പൊള്ളലോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണം പണയം വയ്ക്കാനെന്ന വ്യാജേനയെത്തിയ തൃശൂര്‍ സ്വദേശി സുമേഷെന്ന് പരിചപ്പെടുത്തിയ ആളാണ് ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.  

 

മൂന്ന് ദിവസം മുന്‍പ് സ്വര്‍ണപ്പണയത്തിന്റെ സംശയങ്ങള്‍ ചോദിച്ച് ഇതേ യുവാവ് സ്ഥാപനത്തിലെത്തിയിരുന്നു. വീണ്ടുമെത്തി സജി കുരുവിളയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം. മുളക്പൊടി മുഖത്തേക്ക് എറിഞ്ഞശേഷം കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ യുവാവ് ഓടി രക്ഷപ്പെട്ടു. നിലവിളിച്ചോടിയ സജി കുരുവിള ഒന്നാംനിലയില്‍ നിന്ന് താഴേക്ക് പതിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. 

 

കവര്‍ച്ചാശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കാര്യങ്ങള്‍ തിരക്കുന്നതിനിടയില്‍ യുവാവിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സാരമായ പൊള്ളലേറ്റ സജി അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. താമരശേരി സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.