പിണറായിയിൽ സ്വന്തം കുടുംബത്തെ ഇല്ലാതാക്കാൻ സൗമ്യ ഉപയോഗിച്ചത് എലിവിഷം. മാരകവിഷത്തിന്റെ ഗണത്തിലാണ് ഈ വസ്തുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സിങ്ക് ഫോസ്‌ഫൈഡ്, അലുമിനിയം ഫോസ്‌ഫൈഡ് തുടങ്ങിയ ഫോസ്‌ഫറസ് സംയുക്‌തങ്ങളാണ് പ്രധാനമായും എലിവിഷമായി ഉപയോഗിക്കുന്നത്.
ശരീരത്തിനുള്ളിലെത്തിയാൽ കരളിനെയായിരിക്കും ആദ്യം ബാധിക്കുക. കൂടാതെ ശരീരത്തിൽ രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ കെയുടെ അളവും താഴും. ഈ സാഹചര്യത്തിൽ ആന്തരിക രക്ത സ്രാവം ഉണ്ടാകുകയും മരണത്തിലേക്കു നയിക്കുകയും ചെയ്യും. മരണം സംഭവിച്ചില്ലെങ്കിലും പിന്നീടുള്ള ജീവിതം നരകതുല്യമായിരിക്കും. മരുന്നുകൾ കൊണ്ട് ഫലം കുറവ്. കരൾ മാറ്റിവയ്ക്കുക മാത്രമാണ് പിന്നെ ചെയ്യാനുള്ളത്.
അബദ്ധത്തിൽ കുട്ടികൾ ഇതെടുത്തു കഴിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എലിവിഷം ശരീരത്തിനുള്ളിൽ അകപ്പെട്ടാൽ വായിൽ വിരലിട്ട് ഛർദ്ദിപ്പിച്ച് കളയണമെന്നു ഡോക്ടർമാർ പറയുന്നു, പറ്റുമെങ്കിൽ ആശുപത്രിയിൽ എത്തും മുൻപ് തന്നെ ഇങ്ങനെ ചെയ്താൽ കാര്യങ്ങൾ എളുപ്പമായി. കാരണം ആമാശയത്തിൽ കടന്നു കഴിഞ്ഞാൽ അപകട സാധ്യത കൂടും. വയമ്പ് അരച്ചു നൽകിയോ ഇരട്ടി മധുരം കഴിപ്പിച്ചോ ഒക്കെ ഛർദിപ്പിക്കാം. എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാനും ശ്രദ്ധിക്കുക.
കുട്ടികൾക്കു ലഭിക്കുന്നിടത്തും ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നിടത്തും മറ്റും വയ്‌ക്കാതിരിക്കാൻ ശ്രദ്ധിക്കണം.എലിയെ കുടുക്കുന്ന പശകളും മറ്റും സുലഭമായ ഇക്കാലത്ത് അത്തരം പശകളും എലിക്കെണിയും മറ്റുമാവും കൂടുതൽ സുരക്ഷിതം. എലിവിഷം അകത്തു ചെന്നാൽ എത്രയും പെട്ടന്നു ആശുപത്രിയിൽ എത്തിക്കുകയാണ് ജീവൻ രക്ഷിക്കാനുള്ള ഏകമാർഗം.