വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് കൊച്ചിയില്‍ യുവതി പിടിയില്‍. ടെറസില്‍ ചെടിച്ചട്ടിയിലായിരുന്നു കഞ്ചാവ് കൃഷി. കലൂർ വട്ടേക്കാട്ട് റോഡില്‍ താമസിക്കുന്ന മേരി ആൻ ക്ലമന്റാണ് അറസ്റ്റിലായത്. വീടിന്റെ ടെറസിൽ മറ്റു ചെടികൾക്കിടയിൽ ഒളിപ്പിച്ചാണു കഞ്ചാവു ചെടികൾ വളർത്തിയിരുന്നത്. ആറുമാസത്തോളം വളർച്ചയെത്തിയ അഞ്ചു കഞ്ചാവു ചെടികള്‍ പൊലീസ് പിടിച്ചെടുത്തു.
മേരിയും റിട്ട. അധ്യാപികയായ മാതാവുമാണ് വീട്ടിൽ താമസിച്ചിരുന്നത്. അമ്മയ്ക്ക് തൈറോയിഡ് രോഗത്തിനുള്ള മരുന്ന് നിര്‍മിക്കാന്‍ വേണ്ടിയാണ് കഞ്ചാവ് ചെടി വളർത്തിയതെന്നാണ് ഇവരുടെ മൊഴി. ബെംഗളൂരുവിലുള്ള സുഹൃത്താണു ചെടികൾ നൽകിയതെന്നും മേരി പൊലീസിനോടു പറഞ്ഞു. കഞ്ചാവ് ചെടി വളർത്തുന്നതു 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.