തൃശൂരില്‍ നടന്ന കണിച്ചുക്കുളങ്ങര മോഡല്‍ കൊലക്കേസില്‍ മൂന്നു പ്രതികള്‍ക്കും തടവുശിക്ഷ. വരന്തരപ്പിള്ളി സ്വദേശിയായ വിനയനെ വാനിടിച്ചു കൊന്ന കേസില്‍ ഒന്നാം പ്രതിയ്ക്കു ഇരട്ടജീവപര്യന്തം വിധിച്ചു. തെളിവു നശിപ്പിച്ച മറ്റു രണ്ടു പ്രതികള്‍ക്കു ഓരോ വര്‍ഷമാണ് തടവ്. നാലു പേരെ തെളിവുകളുടെ അഭാവത്തില്‍ ഇരിങ്ങാലക്കുട കോടതി വെറുതെവിട്ടു.
2003 സെപ്തംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ചിമ്മിനി എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയായ വിനയനാണ് കൊല്ലപ്പെട്ടത്. വിനയനും സുഹൃത്ത് മുജീബും ബൈക്കില്‍ പോകുമ്പോള്‍ വാനിടിച്ച് കൊല്ലുകയായിരുന്നു. മുജീബിന് ഗുരുതരമായി പരുക്കേറ്റു. നാലാം പ്രതി രാജന് വിനയനോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്നു.
അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ വിനയന്റെ സഹോദരങ്ങള്‍ക്ക് മര്‍ദ്ദനമേറ്റപ്പോള്‍ രാജനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ജയിലില്‍ പോകേണ്ടിവന്നതിന്റെ വൈരാഗ്യത്തിലാണ് രാജന്‍ ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വാന്‍ ഓടിച്ചിരുന്ന ഒന്നാം പ്രതി രമേഷ് രാജന്റെ ബന്ധുവാണ്.
എന്നാല്‍ , കൊലപാതകത്തിന്റെ രമേഷിന്റെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. വിനയന്‍ കൊല്ലപ്പെട്ടതിനും മുജീബിനു നേരെയുണ്ടായ വധശ്രമത്തിനും വെവ്വേറെ ജീവപര്യന്തം രമേഷിന് കോടതി വിധിച്ചു. തെളിവുകള്‍ നശിപ്പിച്ച കുറ്റത്തിനാണ് മറ്റു രണ്ടു പ്രതികളായ ആന്റുവിനേയും സെബിയേയും ഓരോ വര്‍ഷം വീതം കഠിന തടവിന് ഇരിങ്ങാലക്കുട അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി അന്‍പതിനായിരം രൂപയും മറ്റു രണ്ടു പ്രതികള്‍ പതിനായിരം രൂപ വീതവും പിഴയൊടുക്കണം.
ആദ്യം ലോക്കല്‍ പൊലീസ് കേസന്വേഷിച്ചപ്പോള്‍ അപകടമരണമായിരുന്നു. എന്നാല്‍, സംഭവം കൊലപാതകമാണെന്ന് വിനയന്റെ കുടുംബം ഉറച്ചനിലപാടെടുത്തപ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. വിസ്താരത്തിനിടെ ഒന്നാം പ്രതി രമേഷ് കോടതിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഒരുവര്‍ഷത്തിനു ശേഷമാണ് പിന്നെ പിടിയിലായത്. മൊത്തം കേസില്‍ എട്ടു പ്രതികളായിരുന്നു. ഒരാള്‍ മരിച്ചു. ഏഴു പേരാണ് വിചാരണ നേരിട്ടത്