തിരുവനന്തപുരം പോത്തന്‍കോട് അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണബാങ്കിന്റ ചെങ്കോട്ടുകോണം ശാഖയില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച് രണ്ടരക്കോടി രൂപ തട്ടിയെടുത്തു. പോത്തന്‍കോട് സ്വദേശിനി സുബൈദയാണ് പണം തട്ടിയെടുത്തത്. സംഭവത്തില്‍ ശാഖ മാനേജരേയും ക്ലര്‍ക്കിനേയും സസ്പെന്‍ഡ് ചെയ്തു. 

 

ഒാഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തിയത്. 60 തവണയായാണ് സുബൈദ പണം പിന്‍വലിച്ചിരിക്കുന്നത്. ഒരാള്‍ക്ക് സ്വര്‍ണപണയത്തിലൂടെ വായ്പയെടുക്കാവുന്ന പരിധി 40 ലക്ഷമാണ്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് രണ്ടരക്കോടി രൂപ തട്ടിയെടുത്തതെന്നാണ് പ്രാഥമിക നിഗമനം. ഇതിന് കൂട്ടുനിന്നതെന്ന് സംശയിക്കുന്ന ശാഖ മാനേജര്‍ ശശികല, ക്ലര്‍ക്ക് കുശല എന്നിവരെയാണ് അടിയന്തര ബോര്‍ഡ് യോഗം ചേര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. സി.പി.എം കാട്ടായിക്കോണം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് ശശികല. മാനേജിങ് ഡയറക്ടര്‍ അനിതയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാങ്കിന്റ പരാതിയുടെ അടിസ്ഥാനത്തില്‍ സുബൈദയ്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥന്റ അടുത്ത ബന്ധുവായ ഇവര്‍ക്കെതിരെ കേസ് ഇല്ലാതാക്കാനുളള രാഷ്ട്രീയ നീക്കങ്ങളും നടക്കുന്നുണ്ട്. സിപി.എം ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്