കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവതകളുടെ പേരിലും ജിഷ കേസ് സംസ്ഥാന പൊലീസിൻറെ ചരിത്രത്തിൽ ഇടംനേടും. ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രതിയെ കണ്ടെത്താൻ സഹായിച്ചത് മൃതദേഹത്തിൽ നിന്നു ലഭിച്ച പ്രതിയുടെ രക്തത്തിൻറെയും ഉമിനീരിൻറെയും തുളളികൾ. അൻപത് ദിവസത്തോളം നീണ്ട കേസന്വേഷണത്തിനിടയിൽ ഇരുപത്തിയേഴ് ലക്ഷം മൊബെൽ ഫോൺ കോളുകളും കൂടി പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതിയിലേക്കെത്തിയത്.
ഒരു െചരുപ്പിൻറെ പിന്നാലെ സംസ്ഥാന പൊലീസ് മേധാവി മുതൽ സിവിൽ പൊലീസ് ഓഫിസർമാർ വരെ അലഞ്ഞ ദിവസങ്ങൾ. ചെരുപ്പിൻറെ ഉടമയാണ് പ്രതിയെന്ന വിലയിരുത്തലാണ് പൊതുജനമധ്യത്തിൽ ഈ ചെരുപ്പിങ്ങനെ പ്രദർശിപ്പിച്ച് വിവരം തേടാൻ പൊലീസിന് പ്രേരണയായത്. വിമർശനങ്ങളൊരുപാട് കേട്ടെങ്കിലും പിന്നീട് പ്രതിയിലേക്ക് നടന്നു കയറാനുളള വഴി പൊലീസിനു മുന്നിൽ തുറന്നത് ഈ ചെരുപ്പു തന്നെയായിരുന്നു. മുൻഭാഗത്തെ പല്ലിന് വിടവുളളയാളാണ് പ്രതിയെന്ന ഫൊറൻസിക് നിഗമനത്തിൻറെ അടിസ്ഥാനത്തിലും പല്ലിനു വിടവുളള അമ്പതിലേറെ പേർ പൊലീസിൻറെ ചോദ്യം ചെയ്യലിന് വിധേയരായി. സംസ്ഥാനത്തെ ആശുപത്രികളും ക്ലിനിക്കുകളും പൊലീസ് അരിച്ചു പെറുക്കി. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ, ജിഷയുടെ ശരീരത്തിലും വസ്ത്രങ്ങളിലും നിന്ന് ലഭിച്ച പ്രതിയുടെ രക്തക്കറയുടെയും ഉമിനീരിൻറെയും സാമ്പിളുപയോഗിച്ച് കണ്ടെത്തിയ ഡിഎൻഎ സാമ്പിളാണ് മുഖ്യതെളിവായതെന്നതും മറ്റൊരു സവിശേഷത.
ഇരുപത്തിയേഴ് ലക്ഷം ഫോൺ വിളികളാണ് അന്വേഷണ കാലയളവിൽ പൊലീസിന് പരിശോധിക്കേണ്ടി വന്നത്. അയ്യായിരത്തിലേറെ വിരലടയാളങ്ങളും വിലയിരുത്തി. രണ്ടായിരത്തിലേറെ പേരെ ചോദ്യം ചെയ്യേണ്ടി വന്നുവെന്നതും മറ്റൊരു സവിശേഷത.
ലോക്കൽ പൊലീസ് അന്വേഷണം പൊളിഞ്ഞതോടെ ആദ്യം ഐജിയുടെ നേതൃത്വത്തിലും പിന്നീട് സർക്കാരു മാറിയപ്പോൾ എഡിജിപിയുടെ നേതൃത്വത്തിലും അന്വേഷണ സംഘങ്ങൾ വന്നു.അഞ്ചു സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനിടെ ഇന്ത്യയിലെ പത്തിലേറെ സംസ്ഥാനങ്ങളിൽ കറങ്ങി തിരിയേണ്ടി വന്നു സംസ്ഥാന പൊലീസിന്. ഒടുവിൽ അസംകാരൻ അമിറുൾ ഇസ്്ലാം അകത്തായെങ്കിലും പ്രതി അമിറ.ല്ലെന്ന സംശയവുമായി അന്നത്തെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നൽകിയ റിപ്പോർട്ടും വിവാദങ്ങൾക്ക് വഴിവച്ചു. േകസന്വേഷണത്തിലെ വീഴ്ചയാരോപിച്ച് മുൻ ഡിജിപി ടി.പി.സെൻകുമാറിനെതിരെ എൽഡിഎഫ് സർക്കാരെടുത്ത നടപടികളെ തുടർന്നുണ്ടായ പൊല്ലാപ്പുകളും ചെറുതായിരുന്നില്ല.