കണ്ണൂർ കൂത്തുപറമ്പ് പാതിരിയാട് സിപിഎം നേതാവ് കുഴിച്ചാൽ മോഹനനെ വെട്ടിക്കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥന്‍ കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. പതിനാറ് ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. 

സിപിഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗവും വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയും കള്ള് ഷാപ്പ് ജീവനക്കാരനുമായ മോഹനന്‍ കൊല്ലപ്പെട്ടത് 2016 ഒക്ടോബർ പത്തിനായിരുന്നു. ജോലിയ്ക്കിടെ ഒരുസംഘം ആളുകൾ വെട്ടികൊലപ്പെടുത്തിയെന്നാണ് കേസ്. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ പതിനാറ് പ്രതികളില്‍ പന്ത്രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ജാമ്യവും ലഭിച്ചിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് പ്രതികളായ സി.സായൂജ്, എം.രാഹുല്‍ എന്നിവരുടെ ജാമ്യം കോടി പിന്നീട് റദ്ദുചെയ്തു. 

രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വാള്‍ കൊണ്ടാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ കൈവശം ബോംബും ഉണ്ടായിരുന്നു. ആറു പേരാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായത്. കേസിൽ 130 സാക്ഷികളെ അന്വേഷണസംഘം കണ്ടെത്തി. 802 പേജുകളാണ് കുറ്റപത്രത്തിലുള്ളത്.