medical-shop

സംസ്ഥാനത്ത് മെഡിക്കൽഷോപ്പുകളും ബ്യൂട്ടി പാർലറുകളും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് വിൽപനയെക്കുറിച്ച് ഡ്രഗ്സ് കൺട്രോൾ വിഭാഗം അന്വേഷണം തുടങ്ങി. മനോരമ ന്യൂസ് വാർത്തയെ തുടർന്ന് ലഹരിമരുന്ന് റാക്കറ്റിലെ എട്ട് പേർ തൊടുപുഴയിൽ പിടിയിലായ സാഹചര്യത്തിലാണ് നടപടി. പൊലീസിന്റെ സഹായത്തോടെ രാജ്യത്ത് വിൽപന നിരോധിച്ച മരുന്നിന്റെ ഉറവിടവും റാക്കറ്റിലെ കണ്ണികളെയും കണ്ടെത്തുകയാണ് ലക്ഷ്യം. 

മരുന്നിന്റെ മറവിൽ ലഹരിവിൽപന നടത്തുന്ന റാക്കറ്റിനെ തൊടുപുഴ പൊലീസ് പിടികൂടാൻ കാരണമായത് മനോരമ ന്യൂസ് വാർത്തയാണ്.

 തൊടുപുഴ നഗരത്തിലെ ലോഡ്ജിൽ തമ്പടിച്ച് വിദ്യാർഥികൾക്ക് ലഹരി സിറപ്പുകളും ഗുളികകളും വിൽപന നടത്തിയ സംഘത്തെ പൊലീസ് കയ്യോടെ പിടികൂടി. ലോഡ്ജിന് മുന്നിലുള്ള സ്കൂൾ വിദ്യാർഥികൾക്ക് ലഹരി സിറപ്പുകൾ വിതരണം ചെയ്യാനെത്തിയപ്പോളായിരുന്നു അറസ്റ്റ്. തൊടുപുഴയിലെ മെഡിക്കൽ സ്റ്റോർ ഉടമ ജോബി എം.ജോയി, സുനീഷ് ശശിധരൻ, ആഷിക് നാസർ എന്നിവരുൾപ്പെടെ എട്ടു പേരാണ് പിടിയിലായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മധ്യകേരളത്തിൽ വ്യാപകമായി ഇവർ ലഹരി മരുന്ന് വിതരണം ചെയ്യുന്നതായി കണ്ടെത്തി. ഇതോടെയാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം നടപടി കർശനമാക്കിയത്. 

കേസിലെ മുഖ്യപ്രതി ജോബി.എം. ജോയിയുടെ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലെ അനിശ്ചിതകാലത്തേക്ക് അധികൃതർ അടച്ചുപൂട്ടി. കേരളത്തിൽ വിൽപന നിരോധിച്ച മരുന്നിന്റെ ഉത്ഭവ സ്ഥാനം കണ്ടെത്തുകയാണ് ഇനിയുള്ള ലക്ഷ്യം. റിമാൻഡിൽ കഴിയുന്ന പ്രതികളെ തെളിവെടുപ്പിനായി ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ആന്ദ്രയിൽ നിന്നാണ് മരുന്ന് എത്തിക്കുന്നതെന്നാണ് പ്രതികളുടെ മൊഴി. റാക്കറ്റിലെ കൂടുതൽ അംഗങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും പ്രതികൾ പൊലീസുമായി പങ്കുവെച്ചിട്ടുണ്ട്. ഈ വിവരങ്ങളുടെ ചുവടുപിടിച്ചാണ് പൊലീസിന്റെ അന്വേഷണം. തൊടുപുഴ എസഐ വി.സി. വിഷ്ണുകുമാറിനാണ് അന്വേഷണത്തിന്റെ ചുമതല.