സിഗററ്റും സിറപ്പും, യുവതലമുറയുടെ സിരകളിൽ ലഹരി നിറയ്ക്കുന്ന പുത്തൻ കോമ്പിനേഷൻ....

ഒരു പഫെടുക്കുന്നു.... ഒരു മൂടി സിറപ്പടിക്കുന്നു...പിന്നെ മണിക്കൂറുകളോളം ഉൻമാദ ലഹരി. 

സിഗററ്റില്ലെങ്കിൽ ലഹരിക്കൂട്ടിൽ മദ്യത്തെ ഉൾപ്പെടുത്താം. ഒരു ഫുൾ ബോട്ടിലിൽ ഒരു മൂടി സിറപ്പൊഴിച്ചാൽ... ഒറ്റപെഗിൽ ആള് ഫ്ലാറ്റാകും. 

സംസ്ഥാനത്ത് മെഡിക്കൽ സ്്റ്റോറുകൾ വഴി ഒഴുകുന്നു ലഹരിയുടെ പുതിയമുഖം. സൂക്ഷിച്ചാൽ കൊള്ളാം....

 

ഫ്ലാഷ്ബാക്ക്
തൊടുപുഴയിലെ ഒരു മെഡിക്കൽ സ്റ്റോർ കേന്ദ്രീകരിച്ചുള്ള അനധികൃത മരുന്ന് വിൽപനയെകുറിച്ച് വിവരം നൽകിയത് മൂന്ന് യുവാക്കളാണ്. ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രം വിൽപന നടത്താവുന്ന ഗർഭഛിദ്രത്തിനുള്ള ഗുളിക, വയാഗ്ര, ലഹരികൂടിയ സിറപ്പ് ഉൾപ്പെടെയുള്ളവയാണ് ഒരു നിയന്ത്രണവുമില്ലാതെ വിറ്റഴിച്ചിരുന്നത്. 324രൂപ വിലയുള്ള  ഗർഭച്ഛിദ്ര ഗുളികയ്ക്ക് കടയുടമ ആവശ്യപ്പെട്ടത് പതിനായിരം രൂപ. ഇതെല്ലാം മൊബൈലിൽ പകർത്തി യുവാക്കൾ ഓഫിസിലെത്തി. കടയുടമയ്ക്കെതിരെ വാർത്ത നൽകണമെന്നായിരുന്ന ആവശ്യം. യുവാക്കളിൽ ഒരാളുടെ സഹോദരൻ സ്ഥിരമായി ഈ കടയിൽ നിന്ന് ലഹരി ഗുളികയും സിറപ്പും വാങ്ങിയിരുന്നുവെന്നും നിലവിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലാണെന്നും വിശദീകരിച്ചു. വന്നവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതോടെ മരുന്നുകളെ കുറിച്ച് വിശദമായി അന്വേഷിച്ചു. ഡോക്ടർമാരെ, ഡ്രഗ് ഇൻസ്പെക്ടറെ, മെഡിക്കൽ സ്റ്റോറുടമകളെയും വിളിച്ചു. വിളിച്ചവരെല്ലാം മെഡിക്കൽ സ്റ്റോറുടമ നടത്തുന്നത് പകൽകൊള്ളയെന്നും നിയമവിരുദ്ധമെന്നും വ്യക്തമാക്കി. വാർത്ത നൽകിയതിന് പിന്നാലെ കടയിൽ ഡ്രഗ് ഇൻസ്പെക്ടറുടെ പരിശോധന നിയമലംഘനം കണ്ടെത്തുന്നു ഒടുവിൽ കടയും പൂട്ടി.

 

സിറപ്പാണ് താരം
രാജ്യത്ത് വിൽപന നിരോധിച്ച മരുന്നുകളുടെ പട്ടികയിൽ പെടുന്നതാണ് കൊഡെയ്ൻ സിറപ്പ്. ലഹരിമരുന്നിന്റെ ഗണത്തിൽപെടുന്ന ഒപ്പിയത്തിന്റെ മറ്റൊരു രൂപം. മരുന്നുകളിൽ ഇത് ഉപയോഗിക്കാറുണ്ട്. പക്ഷെ സിറപ്പുകളിൽ ഇത് അനുവദനീയമായ അളവിലും കൂടുതലാണെന്ന് കണ്ടെത്തി. ചുമയ്ക്കായി ഉപയോഗിക്കുന്ന ഈ മരുന്നാണ് സ്കൂൾ കോളജ് വിദ്യാർഥികളുടെ പുതിയ ലഹരി. വെറുതെ കുടിച്ചാലും ഫിറ്റാകും. മരുന്നായതുകൊണ്ട് ആരും സംശയിക്കുകയുമില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് ആവശ്യക്കാരിലേറെയും. വിലകുറഞ്ഞ ഒരു കുപ്പി മദ്യം വാങ്ങി അതിലൊരു ഔൺസ് സിറപ്പൊഴിച്ചാൽ നാല് ഫുള്ളടിച്ചതിന്റെ പ്രതീതിയാണ്. സിഗററ്റിനൊപ്പവും സിറപ്പ് ഉപയോഗിക്കുന്നവരും ഏറെയാണ്. ജനറിക് മരുന്നുകളുടെ ഗണത്തിൽപെടുന്ന സിറപ്പിന് ഏറിവന്നാൽ 25രൂപയാണ് വില. മെഡിക്കൽ സ്റ്റോറുടമകൾ വിറ്റഴിക്കുന്നത് 100 മുതൽ മുന്നൂറ് രൂപ വരെ ഉയർത്തി. 

 

സൗന്ദര്യ ലഹരി
മെഡിക്കൽ സ്റ്റോറുകൾക്ക് പുറമെ ബ്യൂട്ടി പാർലറുകൾ വഴിയും സിറപ്പുകൾ വിറ്റഴിക്കുന്നുണ്ട്. പെൺകുട്ടികളെയാണ് ഉന്നം വെക്കുന്നത്. തൊടുപുഴയിൽ അറസ്റ്റിലായ മരുന്ന് മാഫിയ സംഘാംഗങളാണ് ഇത് വെളിപ്പെടുത്തിയത്. സ്കൂൾ കോളജ് വിദ്യാർഥികളാണ് സിറപ്പ് വാങ്ങുന്നവരിൽ ഏറെയും. കൂടുതലും പെൺകുട്ടികൾ. ഒരാഴ്ച തുടർച്ചയായി സിറപ്പ് കുടിച്ചാൽ അതിന് അടിമകളായി മാറും. ഒഴിവാക്കാൻ ശ്രമിച്ചാൽ പിന്നെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകും. സിറപ്പിന്റെ അമിതമായ ഉപയോഗം കരൾ രോഗങ്ങൾക്കും ഹൃദയസ്തംഭനത്തിനും ഇടയാക്കും. സിറപ്പുകൾ കൂടാതെ ലഹരി ഗുളികകളും സംസ്ഥാനത്തെ ക്യാംപസുകളിൽ മരുന്ന് മാഫിയ വിതരണം ചെയ്യുന്നുണ്ട്.

 

വമ്പൻ റാക്കറ്റ്
ലഹരി ഗുളികകളും സിറപ്പുകളും കേരളത്തിൽ വിറ്റഴിക്കുന്നവർ ചില്ലറക്കാരല്ല. അന്തർസംസ്ഥാന ബന്ധങ്ങളുള്ള വലിയ റാക്കറ്റാണ്. തൊടുപുഴയിലെ മെഡിക്കൽ സ്റ്റോർ പൂട്ടിയതോടെ റാക്കറ്റ് നേരിട്ട് മരുന്ന് വിൽപനയ്ക്കിറങ്ങി. തൊടുപുഴ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് ആവശ്യക്കാരെ തേടപ്പിടിച്ച് ആഴ്ചകൾക്കകം പുതിയ സാമ്രാജ്യം കെട്ടി ഉയർത്തി. കോട്ടയം എറണാകുളം ജില്ലകളിൽ നിന്ന് ആവശ്യക്കാർ വണ്ടിവിളിച്ച് തൊടുപുഴയിലെത്തി. ഒരാഴ്ചക്കിടെ നടന്നത് അഞ്ചു ലക്ഷം രൂപയുടെ കച്ചവടം. തൊടുപുഴ ടൗണിലെ മെഡിക്കൽ സ്റ്റോറുടമകൾ തന്നെയായിരുന്നു റാക്കറ്റിന്റെ തലപ്പത്ത്. പിന്നെ ഓർഡറെടുക്കാൻ സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരും വേറെ. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സംഘത്തെ നിരീക്ഷിക്കുന്ന കാര്യം ആവേശത്തിൽ മാഫിയ സംഘം അറിഞ്ഞില്ല. ഒടുവിൽ എട്ട് പേരെ പൊലീസ് കയ്യോടെ പിടികൂടി. 

 

കുടിപ്പകയും ട്വിസ്റ്റും
മരുന്ന് വ്യാപാരികൾ തമ്മിലുള്ള ചേരിപ്പോരാണ് ഈ റാക്കറ്റിനെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. ഫ്ലാഷ്ബാക്കിൽ പറഞ്ഞ അനധികൃത മരുന്ന് വിൽപനയുടെ ദൃശ്യങ്ങളുമായി വന്ന ആ മൂന്ന് യുവാക്കളാണ് കഥയിലെ നായകൻമാരും വില്ലൻമാരും. ആ മൂന്ന് പേർ പകർത്തിയ ദൃശ്യങ്ങളാണ് മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപന പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽകൊണ്ടുവന്നത്. അവരുടെ ലക്ഷ്യം പക്ഷെ മറ്റൊന്നായിരുന്നു. ഇവരുടെ കൈവശമുള്ള മരുന്നുകൾ ആ മെഡിക്കൽ ഷോപ്പിലൂടെ വിറ്റഴിക്കാനുള്ള വിലപേശൽ തന്ത്രത്തിന്റെ ഭാഗമായാണ് ദൃശ്യങ്ങൾ പകർത്തിയത്. കട പൂട്ടിയതോടെ ലഹരി മരുന്നുകളുടെ കച്ചവടം യുവാക്കൾ നേതൃത്വം നൽകുന്ന റാക്കറ്റിന്റെ കൈകളിലെത്തി. അവസരം നോക്കി എതിർ ചേരി  കരുക്കൾ നീക്കിയതോടെ മാഫിയ സംഘം പൊലീസിന്റെ വലയിലായി. അവനവൻ കുഴിച്ച കുഴി വാരിക്കുഴിയായി മാറിയെന്ന് ചുരുക്കം.....

 

പവർഫുൾ പൊലീസ്
തൊടുപുഴ എസ്ഐക്കും സംഘത്തിനും ബിഗ് സല്യൂട്ട്. കാരണം ഇത്തരം കേസുകളിൽ പേരിന് കേസെടുത്ത് വിടുകയാണ് സാധാരണ ചെയ്യാറുള്ളത്. ഉദാഹരണത്തിന് ഡ്രഗ്സ് ആൻഡ കോസ്മെറ്റിക്സ് ആക്ട് പ്രകാരം ഒരു കേസെടുത്ത് ഒഴിവാക്കും. പക്ഷെ തൊടുപുഴ പൊലീസ് സംഘം ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി കൃത്യമായി മനസിലാക്കി. സ്കൂൾ കുട്ടികൾക്ക് മരുന്ന് വിതരണം ചെയ്യുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. അതും തൊടുപുഴയിലെ പ്രമുഖ സ്കൂളിന്റെ തൊട്ടു മുന്നിൽ നിന്നത്. യൂണിഫോമിൽ മരുന്ന് വാങ്ങാനെത്തിയവർ പൊലീസിനെ കണ്ടതോടെ ഓടി മറഞ്ഞു. സ്റ്റേഷനിലെത്തിച്ച പ്രതികൾ പൊലീസിന് നേരെ ആക്രോശിച്ചു നിരപരാധികളാണെന്നായിരുന്നു അവകാശവാദം. ഓരോരുത്തരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. പുതുതലമുറയെ തെറ്റായ വഴിയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്ന പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

 

തൊടുപുഴയിലെ കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം പരിശോധന കർശനമാക്കിയാൽ പുതുതലമുറയെ കീഴ്പ്പെടുത്തുന്ന ലഹരി റാക്കറ്റിന് തടയിടാനാകും. 

 

ഒപ്പം മരുന്ന് വിൽപനയുടെ മറവിൽ കൊള്ളലാഭം ലക്ഷ്യമിട്ട് ജനങ്ങളുടെ ജീവൻ കുരുതികൊടുക്കുന്ന കഴുകൻമാർക്കെതിരെയും സർക്കാർ കർശന നടപടി സ്വീകരിക്കണം.....