Image Credit: instagram
8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്ടി സൂപ്രണ്ട് ക്യാമറയിൽ കുടുങ്ങി. ബെംഗളൂരു സിറ്റി ലോകായുക്ത നടത്തിയ ഓപ്പറേഷനിലാണ് സെൻട്രൽ ജിഎസ്ടി സൗത്ത് ഡിവിഷൻ-4 സൗത്ത് കമ്മീഷണറേറ്റിലെ സൂപ്രണ്ടായ മോഹിത് പ്രതാപ് സിങ് പിടിയിലായത്. സയ്യിദ് സമീർ എന്ന വ്യവസായിയുടെ പരാതിയിലാണ് ഉദ്യോഗസ്ഥൻ കുടുങ്ങിയത്. കുടിശ്ശികയുള്ള സെൻട്രൽ ജിഎസ്ടി തുകയുമായി ബന്ധപ്പെട്ട കേസ് തീർപ്പാക്കാനും വ്യവസായിക്കെതിരെയുള്ള വ്യാജ പരാതി അവസാനിപ്പിക്കാനും സിങ് ഒകൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്ന് ലോകായുക്ത വ്യക്തമാക്കി.
പരാതി ലഭിച്ചതിനെ തുടർന്ന് ബെംഗളൂരു സിറ്റി ലോകായുക്ത ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥനെ ‘പൂട്ടാന്‍’ കെണിയൊരുക്കി. കോറമംഗലയിലെ കേന്ദ്രീയ സദന്നിലുള്ള സിങ്ങിന്‍റെ ഓഫീസിനുള്ളിൽ വെച്ചായിരുന്നു ഇടപാട്. അവിടെ വെച്ച് ഇടനിലക്കാരൻ മുഖേന കൈക്കൂലി പണം വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ച സൽമാൻ ഷെയ്ഖ് എന്നയാളെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ടെന്ന് ലോകായുക്ത അറിയിച്ചു. 2018-ൽ ഭേദഗതി വരുത്തിയ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7A പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ തുടർ അന്വേഷണം നടന്നു വരികയാണെന്ന് ലോകായുക്ത അറിയിച്ചു.