kozhikode-investment-fraud-vishwadeepthi-society

കോഴിക്കോട് മുതലക്കുളത്ത് പ്രവര്‍ത്തിച്ചിരുന്ന വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. നിക്ഷേപിക്കുന്ന പണം അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാകുമെന്നു വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. കേസെടുത്ത പൊലീസ് നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്നും ആരോപണം.

ഒരു വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് 12 ശതമാനം പലിശ, നാല് വര്‍ഷത്തേക്ക് 14 ശതമാനം. ഇനി അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ ഇരട്ടിപ്പണം.. ഇതായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ പലിശ കൃത്യമായി കിട്ടി. പക്ഷേ, കഴിഞ്ഞ ഫെബ്രുവരി മുതല്‍ പലിശയുമില്ല, മുതലുമില്ല.

2019-ലാണ് കോഴിക്കോട് സ്ഥാപനം തുടങ്ങിയത്. തട്ടിപ്പ് പുറത്ത് വന്നതോടെ നിക്ഷേപകര്‍ മുതലക്കുളത്തെ ഓഫീസിലേക്ക് എത്തിയെങ്കിലും ഓഫീസ് പൂട്ടിയ നിലയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍  പൊലീസ് കേസെടുത്തെങ്കിലും നിസ്സാര വകുപ്പേ ചുമത്തിയിട്ടുള്ളൂ എന്നും ആരോപണമുണ്ട്.

കോയമ്പത്തൂരിലാണ് ഹെഡ് ഓഫീസ്, കേരളത്തില്‍ തൃശ്ശൂരിൽ റീജണൽ ഓഫീസുണ്ട്. ഇത് രണ്ടും അടച്ചിരിക്കുകയാണ്. നടത്തിപ്പുകാരായ മഞ്ചേരി സ്വദേശി സി. സജീഷ് കുമാര്‍, കുറ്റ്യാടി സ്വദേശികളായ കെ.എം. രജീഷ്, നൗഷാദ് എന്നിങ്ങനെ പത്ത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ENGLISH SUMMARY:

Vishwadeepthi Multi State Cooperative Society fraud involves allegations of crores of rupees being swindled from investors in Kozhikode. The society promised investors their money would double in five years, attracting many with initial high returns before defaulting on payments.