powerstar-sreenivasan

തമിഴ് നടൻ ‘പവർ സ്റ്റാർ’ ശ്രീനിവാസന്‍ വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റില്‍. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നടനെ അറസ്റ്റ് ചെയ്തത്. 1,000 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് ഡൽഹി ആസ്ഥാനമായുള്ള കമ്പനിയിൽനിന്ന് 5 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.

ന്യൂഡൽഹിയിൽ നിന്നുള്ള ഒരു ബിസിനസുകാരനായ ദിലീപ് കുമാറാണ് ശ്രീനിവാസനെതിരെ പരാതി നല്‍കിയത്. ഒരു നിർമ്മാണ കമ്പനി നടത്തുന്ന ദിലീപ് കുമാർ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിസിനസ് ആവശ്യങ്ങള്‍ക്കായി1000 കോടി രൂപയുടെ വായ്പയെടുക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതറിഞ്ഞ ശ്രീനിവാസൻ ദിലീപ് കുമാറിന് വായ്പ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് സമീപിക്കുകയായിരുന്നു. ശ്രീനിവാസൻ ആദ്യം 10 കോടി രൂപയാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. പിന്നീട് ദിലീപ് കുമാർ ശ്രീനിവാസന് 5 കോടി രൂപ നൽകിയെന്നും പറയുന്നു.

എന്നാല്‍ പണം കൈപ്പറ്റിയ ശ്രീനിവാസൻ വായ്പ നൽകാതെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ദിലീപ് കുമാർ ഡൽഹി സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ ശ്രീനിവാസനെതിരെ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ശ്രീനിവാസനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും 2013 ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ ശ്രീനിവാസൻ 2018 മുതൽ കേസിന്‍റെ വാദത്തിനായി വിളിക്കുമ്പോഴൊന്നും കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം താരം അറസ്റ്റിലായത്. ശ്രീനിവാസനെതിരെ ചെന്നൈയിലും ആറ് കേസുകൾ നിലവിലുണ്ട്.

ENGLISH SUMMARY:

Tamil actor 'Power Star' Srinivasan has been arrested in a loan fraud case. The arrest was made by the Economic Offences Wing of the Delhi Police. The allegation is that he duped a Delhi-based company of ₹5 crore by promising a loan of ₹1,000 crore.