സൈബർ തട്ടിപ്പു സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വാടകയ്ക്കു നൽകിയ മ്യൂൾ അക്കൗണ്ടുകാരെ  ലക്ഷ്യമിട്ടു നടത്തിയ പരിശോധനയിൽ മലപ്പുറം  ജില്ലയിൽ അറസ്റ്റിലായത് 43 പേർ. അറസ്റ്റിലാവരിൽ  36 പേർ അക്കൗണ്ട് ഉടമകളും 7 പേർ തട്ടിപ്പിന്റെ ഇടനിലക്കാരുമാണ്.

സംഘടിത കുറ്റകൃത്യം തടയൽ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ  പ്രതികൾക്കെതിരെ ചുമത്തിയാണ് പൊലീസ് അന്വേഷണം  മുന്നോട്ടു പോകുന്നത്. അറസ്റ്റിലായവരിൽ 37 പേരെ റിമാൻഡ് ചെയ്തു. മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്കു പിന്നിൽ കള്ളപ്പണ സംഘങ്ങൾക്കു പങ്കുണ്ടെന്ന സൂചന ലഭിച്ചതായും തുടർ അന്വേഷണം നടക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. 

മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള 39 ഉപകരണങ്ങൾ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.  വരും ദിവസങ്ങളിലും പരിശോധന തുടരും. ജില്ലയിൽ 119 അക്കൗണ്ടുകളാണ് പരിശോധിച്ചത്. 6 മാസത്തിനിടെ നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ 5 പരാതികളെങ്കിലും ലഭിച്ച ഈ കാലയളവിൽ അഞ്ചുലക്ഷം രൂപയുടെ ഇടപാട് നടന്ന അക്കൗണ്ടുകളിലാണ് പരിശോധന നടത്തിയത്. ഈ അക്കൗണ്ടുകൾ വഴി ആകെ 2,10,48,800 രൂപയുടെ ഇടപാട് നടന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Malappuram police arrested 43 people, including 36 account holders, in a special operation targeting 'Mule Accounts' used by cyber fraud rings. The accused are charged with non-bailable offences, including sections related to organized crime. The investigation revealed that these accounts facilitated transactions worth over ₹2.10 crore in the last six months, with links to black money networks suspected.