തന്‍റെ വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി നടി അന്ന രാജൻ (ലിച്ചി). വെള്ള സാരി ധരിച്ച് ഉദ്ഘാടനത്തിനെത്തിയ ലിച്ചിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേ വിഡിയോ എഡിറ്റ് ചെയ്ത് ശരീരം വികലമാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് താരം രംഗത്തെത്തിയത്.

‘എടാ ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു, ഒറിജിനൽ വിഡിയോയ്ക്കു പോലും ഇത്ര വ്യൂ ഇല്ല. എന്നാലും എന്തിനായിരിക്കും? ഇതുപോലെയുള്ള ഫേക്ക് വിഡിയോകൾ പ്രചരിപ്പിക്കരുത് എന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു.’–  അന്ന രാജൻ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ‘ഇതാണ് യഥാർഥ ഞാൻ’ എന്നുപറഞ്ഞ് മറ്റൊരു റീൽലും ലിച്ചി പങ്കുവച്ചു. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിടെയാണ് അന്ന അഭിനയരംഗത്തേക്ക് വന്നത്. ഈ സിനിമയില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് അന്ന അവതരിപ്പിച്ചത്. ഈ വേഷം വൈറലായതോടെയാണ് താരത്തെ എല്ലാവരും ലിച്ചി എന്ന് വിളിച്ചുതുടങ്ങിയത്.  അയ്യപ്പനും കോശിയും, വെളിപാടിന്റെ പുസ്തകം, മധുരരാജ തുടങ്ങിയ ചിത്രങ്ങളിലും ലിച്ചി അഭിനയിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Anna Rajan addresses the spread of a fake video on social media. The actress took to Instagram to denounce the edited video that distorted her image, urging people not to circulate such content.