സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ കെണിയിൽ വീഴ്ത്തി വലയിലാക്കിയിരിക്കുകയാണ് എറണാകുളം നോർത്ത് പൊലീസ്. കോട്ടയം സ്വദേശി സിജോ ജോസഫാണ് പൊലീസിന്റെ പിടിയിലായത്. ഓണക്കാലത്ത് കൊച്ചിയിലെ സ്പാകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. സ്ഥാപനങ്ങളിൽ നേരിട്ടെത്തി എറണാകുളം നോർത്ത് എസ്എച്ച്ഒ ആണെന്ന് സ്വയം പരിചയപ്പെടുത്തിയതിന് ശേഷം പ്രൊട്ടക്ഷൻ മണി എന്നപേരിൽ പലരിൽ നിന്നും ഇയാൾ പണം പിരിക്കുകയായിരുന്നു.
പണം നൽകിയില്ലെങ്കിൽ പ്രതികാര നടപടികൾ സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ പതിനൊന്നായിരം രൂപ സിജോ തട്ടിയെടുത്തു. സ്പാ ഉടമ സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിജോ മുൻപ് സമാന രീതിയിൽ നടത്തിയ തട്ടിപ്പുകളടക്കം പുറത്തറിയുന്നത്.
സിസിടിവി വഴിയാണ് പൊലീസ് സിജോയിലേക്ക് എത്തിയത്. സിജോ കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പിടികൂടുന്നതിന് വിദഗ്ധമായ പദ്ധതി രൂപപ്പെടുത്തി. മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരി എന്ന പേരിൽ വനിത പൊലീസ് ഉദ്യോഗസ്ഥ സിജോയുമായി വാട്സാപ്പ് മുഖാന്തിരം ചാറ്റ് ചെയ്തു. തുടർന്ന് കൊച്ചിയിൽ തന്നെയുള്ള ഹോട്ടലിലേക്ക് എത്താൻ ആവശ്യപ്പെട്ടു. ചാറ്റ് വിശ്വസിച്ച് ഹോട്ടലിൽ എത്തിയ സിജോയെ പൊലീസ് കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവിധ ജില്ലകളിലായി പീഡനകേസുൾപ്പെടെ എട്ട് കേസുകൾ സിജോക്കെതിരെ നിലവിലുണ്ട്. ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും തട്ടിപ്പുമായി ഇയാൾ രംഗത്തെത്തിയത്.