സ്ത്രീകളെ തന്ത്രപൂർവം ഇഷ്ടം നടിച്ച് വശത്താക്കി നഗ്ന വിഡിയോ മൊബൈലിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിക്കുന്ന യുവാവ് കോടതിയിൽ കീഴടങ്ങി. മോഡലായ യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിൽ കോടതിയിൽ കീഴടങ്ങിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തൃശൂർ കൈപ്പമംഗലം കൂരിക്കുഴി സ്വദേശി പി.എസ്. പ്രശോബിനെയാണ് (ഷോബി, 36) എറണാകുളം അഡിഷണൽ സി.ജെ.എം കോടതി നോർത്ത് പൊലീസ് കസ്റ്റഡിയില്‍ നല്‍കിയത്.
വിവാഹവാഗ്ദാനം നൽകിയാണ് സിനിമാരംഗത്ത് പ്രവർത്തിക്കുന്ന യുവതിയെ ലൈംഗികമായി ഉപയോഗിച്ചത്. ആ സമയത്തെ സ്വകാര്യ ദൃശ്യങ്ങൾ ഷോബി മൊബൈലിൽ പകർത്തിയിരുന്നു. ആരെയും കാണിക്കില്ല, താൻ മാത്രമേ കാണൂ എന്ന ഉറപ്പിൽ മൊബൈലിലെടുത്ത ദൃശ്യങ്ങൾ പലർക്കും അയച്ചുകൊടുത്തതിറിഞ്ഞാണ് യുവതി നോർത്ത് പൊലീസിൽ പരാതിയുമായെത്തിയത്.
ഐ.ടി ആക്റ്റ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തനിക്കെതിരെ യുവതി പരാതി നൽകിയ വിവരം അറിഞ്ഞതോടെയാണ് ഷോബി ഒളിവിൽ പോയത്. ഇയാൾ കഴിഞ്ഞ ദിവസം രാവിലെ അഭിഭാഷകൻ മുഖേനെയാണ് എറണാകുളം അഡിഷണൽ ചീഫ്ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. എന്നാൽ കോടതി ഷോബിയുടെ ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയുമായിരുന്നു.
തുടർന്നാണ് നോർത്ത് പൊലീസിനെ വിളിച്ചുവരുത്തി 4 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മോഡലിംഗ് വഴി പ്രശസ്തയാക്കാമെന്നും, പരസ്യരംഗങ്ങളിൽ അവസരം നൽകാമെന്നും വാഗ്ദാനം നൽകിയാണ് ഷോബി യുവതികളെ വലയിൽ കുരുക്കുന്നത്. ശേഷം പ്രണയം തോന്നുന്നുവെന്നും കല്യാണം കഴിക്കുമെന്നും വാക്കുനൽകിയാണ് നഗ്ന ചിത്രങ്ങൾ പകർത്തുന്നത്.
ദൃശ്യം കൈയ്യിൽ കിട്ടിയാൽ പിന്നെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് പതിവുരീതി.