പി.എം കിസാൻ യോജന എന്ന പേരിൽ വാട്സാപ്പിൽ വന്ന ലിങ്ക് ഓപ്പൺ ആക്കിയപ്പോള്‍ വാട്ട്സാപ്പ് മാത്രമല്ല, മൊബൈൽ ഫോണ്‍ തന്നെ ഹാക്ക് ചെയ്യപ്പെട്ടുവെന്ന പരാതിയുമായി അഭിഭാഷക. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകയായ ലിജ ഷിബുവാണ് തിരുവനന്തപുരം സൈബർ സെല്ലിൽ പരാതി രജിസ്റ്റര്‍ ചെയ്തത്.
പി.എം കിസ്സാൻ യോജന എന്ന പേരിൽ രണ്ടു ദിവസം മുമ്പാണ് ലിജ ഷിബുവിന്‍റെ വാട്സ്ആപ്പിലേക്ക് ഒരു ലിങ്ക് വന്നത്. അത് ഓപ്പൺ ആക്കുന്നതിനിടയിൽ വാട്സ്ആപ്പ് തന്നെ അടിച്ചു പോവുകയും, ആ മെസ്സേജ് നിരവധി നമ്പരിലേക്ക് തനിയേ സെന്റാവുകയും ചെയ്തെന്നാണ് പരാതി. ഈ ലിങ്ക് തുറന്നതോടെ പലരുടെയും ഫോൺ നിശ്ചലമായി.
തുടർന്ന് ലിജ ഷിബു അതേ നമ്പറിൽ നിന്നും ബിസ്നസ് വാട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കി പരിശോധിച്ചു. അപ്പോഴാണ് പഴയ വാട്ട്സാപ്പ് അക്കൗണ്ട് വെറൊരാള്‍ ദുരുപയോഗം ചെയ്യുന്നതായി ബോധ്യമായത്. അങ്ങനെയാണ് സൈബര്‍ സെല്ലില്‍ പരാതിയുമായെത്തിയത്. തന്‍റെ ഹാക്ക് ചെയ്യപ്പെട്ട വാട്ട്സാപ്പ് നമ്പറിലൂടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മോശം മെസേജുകൾ എത്തിയതോടെയാണ് ലിജ ഷിബുവിന് പണി കിട്ടിത്തുടങ്ങിയത്. സമാനമായ പരാതികള്‍ വേറെയും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.