നിങ്ങൾ ജിമെയിൽ ഉപയോഗിക്കുന്നവരാണോ? "സ്റ്റോറേജ് ഇല്ലാത്തതിനാൽ അക്കൗണ്ട് റദ്ദാക്കുന്നു" എന്ന മേസേജ് വന്നാൽ അത് ഓപ്പൺ ചെയ്യരുതെന്ന് കേരള പൊലീസ്. കോടിക്കണക്കിന് വരുന്ന ജി-മെയിൽ ഉപഭാേക്താക്കളെ കെണിയിലാക്കാനാണ് ഹാക്കർമാർ പുതിയ പണിയുമായെത്തിയിരിക്കുന്നതെന്ന് പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ജിമെയിൽ അക്കൗണ്ട് റീസ്റ്റോർ ചെയ്യാൻ ഇമെയിലിനൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നാണ് സന്ദേശം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്കാണ് നമ്മളെത്തുക. മാൽവെയറുകളും വൈറസും കമ്പ്യൂട്ടറിലേക്കും ഫോണിലേക്കും കടത്തിവിടാനുള്ള തന്ത്രമാണിത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരം നൽകുന്നതോടെ പണവും പോവും.
ഗൂഗിളിന്റെ പേരിൽ വരുന്ന മെസേജ് ആയതിനാൽ പലരും ലിങ്കിൽ ക്ലിക്ക് ചെയ്യും. ഓർക്കുക ഈ ഈമെയിൽ ലഭിച്ചാൽ ഉടൻതന്നെ ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്സിൽ സ്റ്റോറേജ് വിവരങ്ങൾ പരിശോധിക്കുക. ഒരിക്കലും ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
ജാഗ്രത പാലിക്കണമെന്ന് ആന്റിവയറസ് സോഫ്റ്റ്‌വെയർ കമ്പനിയായ മാൽവെയർ ബൈറ്റ്സും മുന്നറിയിപ്പ് നൽകുന്നു. സ്റ്റോറേജ് കുറയുമ്പോൾ, ഗൂഗിൾ നോർമൽ മെയിൽ അയയ്ക്കാറുണ്ട്. ഇതേ ഫോർമാറ്റിലാണ് സ്‌പാം മെയിലും വരുക.
ഇതിൽ വീഴാത്തവർക്കായി പ്ലാൻ ബിയുമുണ്ട്. മെയിൽ വായിക്കുമ്പോൾ കോൾ വരും. ഗൂഗിൾ പ്രതിനിധിയാണെന്ന് പറഞ്ഞ് കെണിയിൽ വീഴ്ത്തും. എഐ ടൂളുകളാണ് മെയിലുകൾ തയ്യാറാക്കുന്നത്.