ഒറ്റപ്പാലത്ത് സ്വകാര്യ ധനമിടപാടു സ്‌ഥാപനത്തിലെ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനു ശ്രമം. ജീവനക്കാരി പൊലീസിനെ സമീപിച്ചാണു തടിയൂരിയത്.
തിരുവനന്തപുരത്തെ സൈബർ സെൽ ആസ്ഥാനത്തു നിന്നാണെന്നു വിശ്വസിപ്പിച്ചാണു കഴിഞ്ഞദിവസം ഫോൺവിളിയെത്തിയത്. മൊബൈൽ ഫോൺ വഴി അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊലീസ് നിരീക്ഷണത്തിലാണെന്നുമുള്ള നിലയിലായിരുന്നു തട്ടിപ്പുകാരുടെ സംഭാഷണം.
ഫോൺ ഉന്നത ഉദ്യോഗസ്‌ഥനു കൈമാറുകയാണെന്നും ചോദിക്കുന്ന മുഴുവൻ വിവരങ്ങളും കൃത്യമായി നൽകണമെന്നും അറിയിച്ചതോടെ സംശയം തോന്നിയ ഇവർ കോൾ കട്ട് ചെയ്‌തു. പിന്നീട് ഇവർ തിരിച്ചുവിളിക്കാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. ഇതോടെ യുവതി ഫോണുമായി പൊലീസിനെ സമീപിച്ചു. പൊലീസ് പലതവണ വിളിച്ചപ്പോഴും ഫോൺ എടുത്തില്ല.
ഇതിനിടെ തട്ടിപ്പുകാർ ചാറ്റ് ചെയ്യാം എന്ന മൊബൈൽ ഫോൺ സന്ദേശം അയച്ചു. മെസേജുകൾ അയച്ചുതുടങ്ങിയതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ചോദ്യങ്ങൾ തുടങ്ങി. ഇതിനിടെ മറുഭാഗത്തു പൊലീസ് ആണെന്നു തട്ടിപ്പുകാർ തിരിച്ചറിഞ്ഞതോടെ പിൻവാങ്ങി. പിന്നീടു പൊലീസ് പലവതവണ ഫോൺവഴിയും മെസേജുകൾ അയച്ചും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തട്ടിപ്പുകാർ ഒഴിഞ്ഞുമാറി.