ഓൺലൈനിൽ, കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ഉള്ളടക്കം കണ്ടതിന് ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, 2000 ലെ സെക്ഷൻ 67 ബി പ്രകാരം ഒരു വ്യക്തിയെ പ്രോസിക്യൂട്ട് ചെയ്യാനോ ശിക്ഷിക്കാനോ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി. കുട്ടികളെ ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തികളിൽ ചിത്രീകരിക്കുന്ന വസ്തുക്കൾ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് തടയുകയാണ് ഈ ആക്ടിന്‍റെ ഉദ്ദേശ്യം. അശ്ലീല വെബ്‌സൈറ്റ് കണ്ടുവെന്നത് ആക്ടിന്‍റെ പരിധിയില്‍ വരില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ബെംഗളൂരു റൂറൽ ജില്ലയിലെ ഹോസ്‌കോട്ട് ടൗണ്‍ സ്വദേശിക്കെതിരെയാണ് ചൈൽഡ് പോൺ വെബ്‌സൈറ്റ് കണ്ടതായി രണ്ടുമാസം മുന്‍പ് പരാതി റജിസ്റ്റര്‍ ചെയ്തത്. വെബ്സൈറ്റ് കണ്ടതായി സൈബര്‍ ടിപ് ലൈനിന്‍റെ ശ്രദ്ധയില്‍പ്പെടുകയും ഐപി വിലാസപ്രകാരം മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഐടി ആക്ടിലെ സെക്ഷൻ 67 ബി ഈ കേസിൽ പ്രയോഗിക്കാൻ കഴിയില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചത്.
തൻ്റെ ഫോണിൽ ഏകദേശം 50 മിനിറ്റോളം അശ്ലീല വെബ്‌സൈറ്റ് കാണുക മാത്രമാണ് ചെയ്തതെന്നും എന്നാല്‍ ഇത്തരം ദൃശ്യങ്ങള്‍പ്രചരിപ്പിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍റ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ പാടില്ലെന്നും അന്വേഷണ വിധേയമാണെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.
രേഖകളിലുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം, സെക്ഷൻ 67 ബി കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയും കൈമാറുകയും ചെയ്യുന്നവരെ ശിക്ഷിക്കുന്നുണ്ടെന്ന് ജസ്റ്റിസ് നാഗപ്രസന്ന ചൂണ്ടിക്കാട്ടി. എന്നാല്‍ ഹരജിക്കാരൻ ചൈല്‍ഡ് പോണ്‍ സൈറ്റിന്‍റെ അടിമയായിരിക്കാം എന്നതിനപ്പുറം ഒന്നും ഹര്‍ജിക്കാരനെതിരെ ആരോപിക്കപ്പെടുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ഇതിന്‍റഎ പേരില്‍ ഐടി ആക്ട് പ്രയോഗിച്ചാല്‍ ഇത് നിയമത്തിൻ്റെ ദുരുപയോഗമായി മാറുമെന്നതിനാൽ തുടർനടപടികൾ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.