ഇ.ഡിയില്‍ നിന്നാണ്, സിബിഐ ആണ് എന്നൊക്കെ പറഞ്ഞ് ആളുകളെ വിളിക്കുകയും പണം തട്ടുകയും സ്ത്രീകളുടെ നഗ്നവിഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയും ഇവ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന തട്ടിപ്പ് സംഘങ്ങള്‍ കുറച്ചുനാളുകളായി വര്‍ധിക്കുകയാണ്. തെക്കേ ഇന്ത്യയിലായിരുന്നു ഇത്തരം വാര്‍ത്തകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍, ഇപ്പോഴിതാ കേരളത്തിലും വ്യാപകമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.
മൂവാറ്റുപുഴയില്‍ കഴിഞ്ഞ ദിവസം ഒരു വീട്ടമ്മയ്ക്ക് ഇത്തരത്തിലൊരു ഫോണ്‍ കോള്‍ എത്തി. മുംബൈ പൊലീസിന്‍റെ സൈബർ വിഭാഗം ഇൻസ്പെക്ടർ എന്ന വ്യാജേന വാട്സാപ് കോളിലൂടെയായിരുന്നു തട്ടിപ്പ് സംഘം വീട്ടമ്മയെ വിളിച്ചത്. അറസ്റ്റ് വാറന്‍റ് ഉണ്ടെന്നു ഭീഷണിപ്പെടുത്തി വ്യാജ വാറന്‍റിന്‍റെ പകർപ്പ് അയച്ചു കൊടുത്തതോടെ വീട്ടമ്മ ബോധരഹിതയായി. മൂവാറ്റുപുഴ കാവുംപടി മഞ്ഞപ്രയിൽ നാരായണൻ നായരുടെ മകൾ സുനിയ നായരെയാണു മുംബൈ പൊലീസ് എന്ന വ്യാജേന വാട്സാപ്പിൽ വിളിച്ചത്.
സുനിയയുടെ ആധാർ കാർഡ് ഉപയോഗിച്ചു മുംബൈയിൽ നിന്നു സിം കാർഡ് എടുത്ത് ഒന്നര കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട കേസിൽ സുനിയയെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നുമാണ് അറിയിച്ചത്. മുംബൈ പൊലീസ് സൈബർ വിഭാഗം ഇൻസ്പെക്ടർ പ്രദീപ് സാവന്ത് എന്നാണു തട്ടിപ്പുകാരൻ പരിചയപ്പെടുത്തിയത്.
വാട്സാപ്പിൽ വിഡിയോ കോൾ വിളിച്ചു ചോദ്യം ചെയ്യാൻ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കാൻ ആവശ്യപ്പെട്ട ഇയാൾ വിഡിയോ കോൾ റിക്കോർഡ‍് ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. ചോദ്യം ചെയ്യൽ തുടർന്നതോടെ സുനിയ ബോധരഹിതയായി വീണു. ഇതോടെ മുറിയിൽ എത്തിയ നാരായണൻ നായർ ഇയാൾ വാട്സാപ്പിൽ അയച്ചു നൽകിയ തിരിച്ചറിയൽ കാർഡും മറ്റു രേഖകളും സൂക്ഷ്മമായി പരിശോധിച്ചതോടെയാണു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്.