ഫോബ്സ് പുറത്തുവിട്ട അതിസമ്പന്നരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള വ്യവസായ പ്രമുഖരുടെ ശക്തമായ സാന്നിധ്യം. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഏറ്റവും സമ്പന്നനായ മലയാളിയായി ഒന്നാമതെത്തി. 51,400 കോടി രൂപ (5.85 ബില്യണ്‍ ഡോളർ) ആസ്തിയുള്ള യൂസഫലി ദേശീയതലത്തിൽ 49-ാം സ്ഥാനത്താണ്. 43,990 കോടി രൂപയുടെ ആസ്തിയുമായി (5.3 ബില്യണ്‍ ഡോളര്‍) ജോയ് ആലുക്കാസ് മലയാളികളില്‍ രണ്ടാം സ്ഥാനത്തുണ്ട്. 86,320 കോടി രൂപ (10.4 ബില്യണ്‍ ഡോളര്‍) ആസ്തിയുള്ള മുത്തൂറ്റ് കുടുംബമാണ് കേരളത്തിലെ ഏറ്റവും സമ്പന്നമായ കുടുംബം. രവി പിള്ള, സണ്ണി വർക്കി, ക്രിസ് ഗോപാലകൃഷ്ണൻ, പി.എൻ.സി.മേനോൻ, ടി.എസ്.കല്യാണരാമൻ എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
മുന്നില്‍ അംബാനി തന്നെ!
റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത്. 8.715 ലക്ഷം കോടി രൂപ അഥവാ 105 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അംബാനിയുടെ സ്വത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 1.2 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടാകുകയും ചെയ്തിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് 7.636 ലക്ഷം കോടി രൂപ (92 ബില്യൺ ഡോളർ) ആസ്തിയുമായി ഗൗതം അദാനിയും കുടുംബവുമാണുള്ളത്. അദാനിയുടെ പേരിലുള്ള സ്വത്തുക്കള്‍. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ക്രമക്കേട് ആരോപണങ്ങളില്‍ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനും ക്ലീന്‍ ചിറ്റ് നല്‍കിയ സെബി ഉത്തരവിനെ കുറിച്ചും ഫോബ്സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Image Credit: https://x.com/SavitriJindal
ഒപി ജിൻഡാൽ ഗ്രൂപ്പിന്‍റെ സാവിത്രി ജിൻഡാല്‍ പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. എങ്കിലും സാവിത്രി ജിന്‍ഡാലിന്‍റെ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29,050 കോടി രൂപ (3.5 ബില്യണ്‍ ഡോളര്‍) കുറഞ്ഞ് 3.3366 ലക്ഷം കോടി രൂപ (40.2 ബില്യണ്‍) ആയിട്ടുണ്ട്. ആദ്യ പത്തിലെ ഏക വനിതയും സാവിത്രിയാണ്. ടെലികോം വ്യവസായി സുനിൽ മിത്തൽ ആണ് നാലാം സ്ഥാനത്ത്. അദ്ദേഹത്തിന്‍റെ ആസ്തി 29,050 കോടി രൂപ (3.5 ബില്യൺ ഡോളർ) വർദ്ധിച്ച് 2.8386 ലക്ഷം കോടി രൂപ (34.2 ബില്യൺ ഡോളര്‍) യിലെത്തി. അതേസമയം, ടെക് ശതകോടീശ്വരനും എച്ച്സിഎൽ സഹ സ്ഥാപകനുമായ ശിവ് നാടാർ 2.7556 ലക്ഷം കോടി രൂപ (33.2 ബില്യൺ ഡോളർ) ആസ്തിയുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറാം സ്ഥാനത്ത് രാധാകിഷൻ ദമാനിയും കുടുംബവുമാണ് (2.3406 ലക്ഷം കോടി രൂപ). ഏഴാം സ്ഥാനം: സൺ ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകൻ ദിലീപ് ഷാങ്വി (2.1829 ലക്ഷം കോടി രൂപ), എട്ടാം സ്ഥാനം: ബജാജ് കുടുംബം (1.8104 ലക്ഷം കോടി രൂപ), ഒന്‍പതാം സ്ഥാനം: സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനെവാല (1.7762 ലക്ഷം കോടി രൂപ), പത്താം സ്ഥാനം: കുമാർ ബിർള (1.7181 ലക്ഷം കോടി രൂപ).
37-ാം സ്ഥാനത്തുള്ള ദോഷി ബ്രദേഴ്സ് (62,250 കോടി രൂപ), 80ാം സ്ഥാനത്തുള്ള ഡിക്സൺ ടെക്നോളജീസ് സ്ഥാപകനും ചെയർമാനുമായ സുനിൽ വച്ചാനി (31,955 കോടി രൂപ) എന്നിവരാണ് പട്ടികയിലെ പുതുമുഖങ്ങള്‍. ലീന തിവാരി (82-ാം സ്ഥാനം, 31,540 കോടി രൂപ), പിഎൻസി മേനോൻ (87-ാം സ്ഥാനം, 29,880 കോടി രൂപ), കെപി രാമസാമി (97-ാം സ്ഥാനം, 27,390 കോടി രൂപ) എന്നവര്‍ പട്ടികയില്‍ തിരിച്ചെത്തുകയും ചെയ്തു. അതേസമയം കഴിഞ്ഞ വർഷത്തെ റാങ്കിങില്‍ നിന്ന് ഏഴുപേര്‍ പട്ടികയില്‍ പിന്നോട്ടുപോയിട്ടുണ്ട്.
പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ക്ലിക്ക് ചെയ്യുക
പട്ടികയിലുള്ള ആദ്യ നൂറ് പേരുടെ ആസ്തിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഒമ്പത് ശതമാനത്തിന്റെ അതായത് 100 ബില്യണ്‍ ഡോളര്‍ (ഏകദേശം 8.8 ലക്ഷം കോടി) കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യവും ഓഹരി സൂചികകളും ഇടിഞ്ഞതാണ് കുറവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുടുംബങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നും വിശകലന വിദഗ്ധരിൽ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ലഭിച്ച ഷെയർഹോൾഡിങ്, സാമ്പത്തിക വിവരങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഫോബ്സ് പട്ടിക തയ്യാറാക്കുന്നത്.