വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യമായാണ് എംപ്ലോയീസ് പ്രൊവിഡന്‍ഡ് ഫണ്ടിനെ കാണാറുള്ളതെങ്കിലും ആവശ്യമെങ്കില്‍ നേരത്തെ പണം പിന്‍വലിക്കാന്‍ സൗകര്യം ഇപിഎഫിലുണ്ട്. ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് വിരമിക്കല്‍ സമയത്താണ് മുഴുവന്‍ ബാലന്‍സും പിന്‍വലിക്കാന്‍ സാധിക്കുക. രണ്ടു മാസത്തേക്ക് തൊഴിലില്ലാത്ത സമയത്തോ വിദേശത്ത് സെറ്റിലാകുന്ന സമയത്തോ ഇപിഎഫ് ബാലന്‍സ് പൂര്‍ണമായും പിന്‍വലിക്കാം. അതേസമയം സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഇപിഎഫില്‍ നിന്നുള്ള ഭാഗികമായി പിന്‍വലിക്കല്‍.
ഇപിഎഫ് അക്കൗണ്ടിൽ നിന്ന് തുടർച്ചയായി പണം പിൻവലിക്കുന്നത് അനുവദിക്കുന്നുണ്ട്. എന്നാല്‍ പിൻവലിക്കലിനുള്ള കാരണങ്ങൾ, ഒരാൾക്ക് ക്ലെയിം ചെയ്യാൻ കഴിയുന്ന പരമാവധി തുക എന്നിവയ്ക്ക് കര്‍ശന നിയമങ്ങളുണ്ട്. ചികില്‍സാ ആവശ്യങ്ങള്‍ക്ക് ഇപിഎഫിലുള്ള പണം എത്ര തവണ വേണമെങ്കിലും പിന്‍വലിക്കാന്‍ സാധിക്കും. മിനിമം സേവന കാലാവധി എന്ന പരിധിയും ബാധകമല്ല. ജീവനക്കാർക്ക് ആറ് മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അല്ലെങ്കിൽ പലിശയുൾപ്പെടെയുള്ള മൊത്തം വിഹിതമോ ഏതാണോ കുറവ് അത് പിൻവലിക്കാം.
വിവാഹത്തിനും പഠനത്തിനും പിന്‍വലിക്കാന്‍ ഏഴു വര്‍ഷത്തെ സര്‍വീസ് ആവശ്യമാണ്. ഇപിഎഫ് വിഹിതവും പലിശയും ചേര്‍ന്ന തുകയുടെ 50 ശതമാനം അംഗങ്ങള്‍ക്ക് പിന്‍വലിക്കാം. കരിയറില്‍ മൂന്ന് തവണയാണ് ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുക.വീട് അറ്റ കുറ്റപണിക്ക് പണം പിന്‍വലിക്കാന്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ സേവനം ആവശ്യമാണ്. മാസ ശമ്പളത്തിന്‍രെ 12 ഇരട്ടി പിന്‍വലിക്കാന്‍ അനുവാദമുണ്ട്. മൂന്ന് വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്ക് ഭവന വായ്പ തിരിച്ചടവിന് പണം പിന്‍വലിക്കാം. ഇപിഎഫ് തുകയുടെ 90 ശതമാനം വരെ വായ്പ തിരിച്ചടിവിന് ലഭിക്കും.
അഞ്ച് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയ ശേഷമുള്ള ഇപിഎഫ് പിൻവലിക്കല്‍ പൂർണമായും നികുതിയില്‍ നിന്ന് ഒഴിവാക്കിയതാണ്. എന്നാല്‍ അഞ്ച് വർഷത്തിന് മുന്‍പ് എന്ത് ആവശ്യത്തിന് പിന്‍വലിച്ചാവും നികുതി നല്‍കേണ്ടിവരും.