ബാങ്ക് സ്ഥിര നിക്ഷേപത്തിന് സമാനമായൊരു നിക്ഷേപ പദ്ധതി. പക്ഷെ പലിശ ബാങ്കിനേക്കാള്‍ കൂടുതല്‍. കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി അവതരിപ്പിച്ച മികച്ചൊരു നിക്ഷേപ പദ്ധതിയാണ് മഹിള സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്. മാര്‍ച്ച് 31 ന് കാലാവധി അവസാനിക്കുന്ന പദ്ധതിയില്‍ ചേരാന്‍ അവസാന അവസരമാണിത്.
7.50 ശതമാനം വാര്‍ഷിക പലിശ നല്‍കുന്ന പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്. മാസത്തില്‍ പലിശ കോമ്പൗണ്ട് ചെയ്യും. അക്കൗണ്ട് അവസാനിപ്പിക്കുന്ന സമയത്ത് പലിശ നിക്ഷേപത്തോട് ചേര്‍ക്കും. 1,000 രൂപ മുതല്‍ നിക്ഷേപിക്കാം. 2 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപ പരിധി. നിക്ഷേപം ആരംഭിച്ച് രണ്ട് വര്‍ഷകാലം വരെയാണ് കാലാവധി.
ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ നിക്ഷേപത്തിന് ഭാഗികമായി പിന്‍വലിക്കാന്‍ അനുവാദമുണ്ട്. നിക്ഷേപ തുകയുടെ 40 ശതമാനം വരെ പിന്‍വലിക്കാം. അക്കൗണ്ട് ആരംഭിച്ച് ആറു മാസത്തിന് ശേഷം നിക്ഷേപം അവസാനിപ്പിക്കാനുമാകും. ഇത്തരത്തില്‍ അവസാനിപ്പിക്കുമ്പോള്‍ 5.50 ശതമാനമാണ് പലിശ നിരക്ക്.
ബാങ്കുകളുമായി താരതമ്യം ചെയ്താല്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന നിക്ഷേപമാണിത്. 3 ശതമാനം മുതല്‍ 7.10 ശഥമാനം വരെയാണ് എസ്ബിഐ നല്‍കുന്ന പലിശ. എച്ച്ഡിഎഫ്സി ബാങ്ക് നല്‍കുന്ന ഉയര്‍ന്ന പലിശയാകട്ടെ 7.35 ശതമാനം. കാനറ ബാങ്കും ആക്സിസ് ബാങ്കും 7.25 ശതമാനം വരെ പലിശ നല്‍കുന്നത്. ഈ അവസരത്തിലാണ് വനിതകളുടെ പേരില്‍ അക്കൗണ്ടെടുത്താല്‍ 7.50 ശതമാനം പലിശ ലഭിക്കുന്നത്.
പോസ്റ്റ് ഓഫീസ് വഴിയും പൊതുമേഖലാ ബാങ്ക് വഴിയും പദ്ധതിയില്‍ ചേരാം. അക്കൗണ്ട് ഓപ്പണിങ് ഫോം പൂരിപിച്ച് കെവൈസി രേഖകള്‍ സഹിതം അക്കൗണ്ട് ആരംഭിക്കാം.