debit-card-insurance

യുപിഐയുടെ വരവോടെ ഒന്ന് പതുങ്ങിയെങ്കിലും ചെറിയ പുള്ളിയല്ല ഡെബിറ്റ് കാർഡുകൾ. മിക്ക ബാങ്കുകളുടെയും ഡെബിറ്റ് കാർഡുകളിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ഇൻഷുറൻസ് സൗകര്യം നൽകുന്നുണ്ട്. വിവിധ ബാങ്കുകളുടെ വിവിധ ഡെബിറ്റ് കാർഡ് വേരിയൻറുകൾ അനുസരിച്ച് 3 കോടി രൂപ വരെയാണ് കവറേജ് ലഭിക്കുന്നത്. ഒരു രൂപ പോലും പ്രീമിയം അടയ്ക്കാതെ ഒരു രേഖയുടെയും ആവശ്യമില്ലാതെ ബാങ്ക് ഡെബിറ്റ് കാർഡ് ഉടമകൾക്ക് സൗജന്യമായി ഇൻഷുറൻസ് സേവനം ലഭിക്കും.

അപകട ഇൻഷുറൻസാണ് ഡെബിറ്റ് കാർഡ് ഇൻഷുറൻസിൽ സാധാരണയായി ലഭിക്കുന്നത്. അപകട മരണത്തിനോ, സ്ഥിരമായ പൂർണ്ണ വൈകല്യത്തിനോ കവറേജ് ലഭിക്കും. ഡെബിറ്റ് കാർഡ് വഴിയാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ ചില കാർഡുകൾക്ക് വിമാന അപകട ഇൻഷുറൻസും ലഭിക്കും. ഗ്രൂപ്പ് ഇൻഷുറൻസ് പോളിസിയായതിനാൽ തന്നെ വ്യക്തിഗത പോളിസി നമ്പറുകൾ ലഭിക്കില്ല. അതിനാൽ സാധരണ പോളിസികളിൽ നിന്ന് വ്യത്യസ്തമാണ് ഇത്തരം പോളിസികളുടെ ക്ലെയിം നടപടികൾ. 

വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസികൾ സൗജന്യമാണെങ്കിലും ഇവ ക്ലെയിം ചെയ്യാൻ ബാങ്ക് ചില നിബന്ധനകൾ മുന്നോട്ട് വെയ്ക്കുന്നുണ്ട്. പ്രധാനപ്പെട്ടതാണ് കാർഡ് ഉപയോഗം. പ്രസ്തുത കാർഡ് നിശ്ചിത ദിവസത്തിനുള്ളിൽ നിശ്ചിത ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ മാത്രമാണ് ഇൻഷുറൻസിന് യോഗ്യരാവുക.  ഉദാഹരണത്തിന്, എച്ച്ഡിഎഫ്സി ബാങ്കിന്റെ മില്ലേനിയ ഡെബിറ്റ് കാർഡിന് ആഭ്യന്തര വിമാന യാത്രയ്ക്കും റോഡ്, റെയിൽ യാത്രകൾക്കും 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയുണ്ട്. അന്താരാഷ്ട്ര വിമാന യാത്രയാണെങ്കിൽ 1 കോടി രൂപയുടെതാണ് പരിരക്ഷ. പൂർണമായും സൗജന്യമായ ഈ കവറേജ് ആക്ടീവ് ആകാൻ ഡെബിറ്റ് കാർഡ് ഉടമ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ മില്ലേനിയ ഡെബിറ്റ് കാർഡ് ഉപയോ​ഗിച്ച് ഒരു ഇടപാടെങ്കിലും നടത്തേണ്ടതുണ്ട്. നിബന്ധനകൾ ഓരോ ബാങ്കിലും വ്യത്യസ്തമാകും. 

ബാങ്കുകൾ നിശ്ചയിക്കുന്ന ചില പ്രത്യേക ഇടപാടുകൾക്ക് മാത്രമേ ഡെബിറ്റ് കാർഡിലെ സൗജന്യ ഇൻഷുറൻസ് പരിരക്ഷയ്ക്ക് ലഭിക്കുകയുള്ളൂ. പോയിന്റ് ഓഫ് സെയിൽ ഇടപാടുകൾക്കും ഇ-കൊമേഴ്സ് ഇടപാടുകൾക്കും ഇൻഷുറൻസ് കവറേജ് ആക്ടീവ് ചെയ്യാൻ സാധിക്കും. എന്നാൽ യുപിഐ ഇടപാടുകൾ ഈ പരിധിയിൽ വരില്ല. 

എങ്ങനെ ക്ലെയിം ചെയ്യാം

ഡെബിറ്റ് കാർഡ് അനുവദിക്കുന്ന ബാങ്കും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ഒരു കരാർ വഴിയാണ് ഇൻഷുറൻസ് കവറേജ് ലഭിക്കുന്നത്. അതിനാൽ ഇൻഷുറൻസ് ലഭിക്കുന്നതിന് നിബന്ധനകൾ പാലിക്കണം. ശേഷം നിശ്ചിത സമയത്തിനുള്ളിൽ ആവശ്യമായ രേഖകൾ നോമിനി സമർപ്പിക്കണം. നോമിനിയുടെ കോൺടാക്റ്റ് വിശദാംശങ്ങളാണ് സുപ്രധാനം. കാർഡ് ഉടമ നോമിനി വിശദാംശങ്ങൾ ബാങ്കിൽ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ നിയമപരമായ അവകാശിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.  പൂരിപ്പിച്ച ക്ലെയിം ഫോം, മരണ സർട്ടിഫിക്കറ്റ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, അപകടമാണെങ്കിൽ എഫ്ഐആർ എന്നിവയും ആവശ്യമാണ്. ഡെബിറ്റ് കാർഡിന്റെ വിശദാംശങ്ങൾ, അപകടത്തിന്റെ പത്ര റിപ്പോർട്ട് എന്നിവ വേണം. ഡെബിറ്റ് കാർഡ് ഉടമയ്ക്ക് ലൈസൻസ് ആവശ്യമാണ്. 

ENGLISH SUMMARY:

Debit Card Have Inbuild Accidential Insurance Coverage; Give Up To 3 Crore Coverage; How To Claim It