TOPICS COVERED

2024-25 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലേക്കാണ് നികുതിദായകർ കടക്കുന്നത്. ഈ വർഷത്തെ ആദായ നികുതി ഫോമുകളിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചില മാറ്റങ്ങൾ വരുത്തിയിയിട്ടുണ്ട്. വ്യക്തിഗത നികുതിദായകർക്ക് നാലു ഫോമുകളാണ് ഇത്തവണയുമുള്ളത്.  ഓരോ നികുതിദായകരും വരുമാന സ്രോതസ് അനുസരിച്ച് കൃത്യമായ ഫോം തിരഞ്ഞെടുക്കണം. തെറ്റായ ഫോം തിരഞ്ഞെടുത്താൽ റിട്ടേൺ അസാധുവാകും. മാറ്റങ്ങളും ഓരോ ഫോമുകൾ ആരൊക്കെ ഉപയോ​ഗിക്കണമെന്നും അറിയാം. 

ആദായ നികുതി ഫോമിലെ മാറ്റങ്ങൾ

ഇനി മുതൽ ഓഹരി വിപണി നിക്ഷേപമുള്ളവർക്കും ഐടിആർ1 (സഹജ്) ഉപയോഗിക്കാം. നികുതി നിയമത്തിലെ 112എ പ്രകാരം ലിസ്റ്റ് ചെയ്ത ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് എന്നിവയിൽ നിന്നുള്ള ദീർഘകാല മൂലധനനേട്ടം 1.25 ലക്ഷം രൂപ വരെയുള്ളവർക്കാണ് ഐടിആർ 1 ഉപയോഗിക്കാൻ സാധിക്കുക. ശമ്പള വരുമാനമുള്ളവർക്ക് ചെറിയ മൂലധന ലാഭമാണെങ്കിലും ഈ ഫോം ഉപയോഗിക്കാം. മറ്റു മൂലധന ലാഭമോ നഷ്ടം തട്ടികിഴിക്കാനോ ഈ ഫോം ഉപയോഗിക്കാൻ സാധിക്കില്ല. 

ഐടിആർ രണ്ടിലും മൂന്നിലും, 2024 ജൂലൈ 23 ന് മുൻപും ശേഷവും നടത്തിയ ഇടപാടുകൾക്ക് ലഭിച്ച മൂലധന ലാഭ നഷ്ടങ്ങൾ പ്രത്യേകം രേഖപ്പെടുത്തണം. ഈ ഫോമുകളിൽ ആസ്തികളും ബാധ്യതകളും നിർബന്ധമായി വെളിപ്പെടുത്തേണ്ട വരുമാന പരിധി 50 ലക്ഷത്തിൽ നിന്നും ഒരു കോടി രൂപയാക്കി. ഐടിആർ 1ലെ എല്ലാ മാറ്റങ്ങളും ഐടിആർ നാലിൽ ബാധകമാണ്. വകുപ്പ് 80ജിജി പ്രകാരം വാടകയ്ക്ക് കിഴിവ് നേടുന്നവർ ഈ വർഷം മുതൽ ഫോം 10 ബിഎ ഇലക്ട്രോണിക് ആയി സമർപ്പിക്കണം. 

ഐടിആർ 1 (സഹജ്)

ഇന്ത്യയിൽ സ്ഥിര താമസമുള്ള ഒരു വീടിൻറെ മാത്രം വരുമാനമുള്ളവർക്ക് ഐടിആർ സഹജ് ഉപയോഗിക്കാം,. ശമ്പള വരുമാനം, പെൻഷൻ, പലിശ ഉൾപ്പെടയുള്ള മറ്റു വരുമാനം എന്നിവയുള്ളവർക്കാണ് ഐടിആർ 1. മൊത്ത വരുമാനം 50 ലക്ഷം രൂപയാണ്. 1.25 ലക്ഷം രൂപ വരെ മൂലധന നേട്ട ലാഭം, 5000 രൂപ കാർഷിക വരുമാനം എന്നിങ്ങനെയാണ് മറ്റു പരിധി.

കച്ചവടക്കാർ പ്രഫഷനൽ, കമ്പനി ഡയറക്ടർമാർ, ലിസ്റ്റ് ചെയ്യാത്ത ഓഹരികളിൽ നിക്ഷേപം നടത്തിയവർ  എന്നിവർക്ക് ഐടിആർ 1 ഉപയോ​ഗിക്കാൻ സാധിക്കില്ല. ഇന്ത്യയ്ക്ക് പുറത്ത് ആസ്തിയുള്ളവർ, ലോട്ടറി, ഊഹകച്ചവട വരുമാനുള്ളവർ, 112എ വകുപ്പിലെ പരിധിക്ക് മുകളിലും മറ്റു മൂലധന നേട്ടമുള്ളവരും ഐടിആർ 1 ഉപയോ​ഗിക്കാൻ സാധിക്കില്ല. 

ഐടിആർ 2

ഹിന്ദു അഭിവക്ത കുടുംബങ്ങൾക്ക് ഐടിആർ രണ്ട് ഉപയോ​ഗിക്കാം. ഒന്നിൽ കൂടുതൽ വാടക വരുമാനമുള്ളവർ, 1.25 ലക്ഷത്തിന് മുകളിൽ മൂലധന നേട്ടമുള്ളവർ. ഫോം സഹജ് ഉപയോഗിക്കാൻ സാധിക്കാത്തവർ എന്നിവർക്കുള്ളതാണ് ഐടിആർ 2. കച്ചവടത്തിൽ നിന്നും പ്രഫഷനിൽ നിന്നും വരുമാനമുള്ളവർ എന്നിവർക്ക് ഐടിആർ രണ്ട് ഉപയോ​ഗിക്കാനാകില്ല. ഇവർക്ക് പറ്റുന്ന ഫോം ഐടിആർ 3 ഉപയോ​ഗിക്കാം. 

ഐടിആർ 4

അനുമാന നികുതി അടയ്ക്കുന്നവർക്കുളഅളതാണ് ഐടിആർ 4. ഐടിആർ 1 ഉപയോഗിക്കാൻ അനുവാദമില്ലാത്തവർക്ക് ഈ ഫോമും ഉപയോഗിക്കാനാകില്ല. ഇന്ത്യയ്ക്ക് പുറത്ത് ആസ്തിയോ സാമ്പത്തിക നിക്ഷേപമോ ഉള്ളവർക്കും ഊഹകച്ചവടം, ഏജൻസി ബിസിനസ് എന്നിവയിൽ നിന്ന് ലാഭനഷ്ടകണക്കുകളെ അടിസ്ഥാനമാക്കി വരുമാനം നിശ്ചയിക്കുന്നവർക്കും കമ്മിഷനോ ബ്രോക്കറേജോ ഉള്ളവർക്കും ഈ ഫോം ഉപയോ​ഗിക്കാൻ സാധിക്കില്ല. 

ENGLISH SUMMARY:

Taxpayers begin filing income tax returns for FY 2024-25. The CBDT has introduced key changes in ITR forms. Individual taxpayers must select the correct ITR form based on income sources. Wrong selection may lead to invalid return.